ഒറ്റപ്പേരിലേക്ക് എത്തിയില്ലെങ്കില്‍ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും
കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും
കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാന്‍ തിരക്കിട്ട നീക്കങ്ങളൈണ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. തുടര്‍ന്ന് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും.
പേരുകള്‍ പലതും ഉയര്‍ന്നെങ്കിലും ധാരണ മാത്രം ഇനിയും രൂപം കൊണ്ടിട്ടില്ല. എം ലിജുവിനായി കെ സുധാകരന്‍ തന്നെ രംഗത്ത് വന്നത് മറ്റ് നേതാക്കള്‍ക്ക് അലോസരമുണ്ടാക്കി. ഇതോടെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന വാദവുമായി കെ സി പക്ഷം നേതാക്കള്‍ എത്തി. പ്രശ്ന പരിഹാരത്തിനായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള മാനദണ്ഡവും കേരളത്തില്‍ തന്നെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി സുധാകരന്‍ ഇന്ന് തന്നെ പട്ടിക തയ്യാറാക്കും. ഇതുവരെ ഉയര്‍ന്ന പേരുകളില്‍ അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ പുതുമുഖത്തിന് അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യുവത്വത്തിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യവും പരിഗണിക്കാനിടയുണ്ട്. ലിജുവിനൊപ്പം ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട സതീശന്‍ പാച്ചേനിക്കും ഷാനിമോള്‍ ഉസ്മാനും തിരഞ്ഞെടുപ്പ് തോല്‍വികള്‍ തിരിച്ചടിയാണ്. ജോണ്‍സണ്‍ എബ്രഹാമിന്‍റെ പേര് കെ സി വിഭാഗം മുന്നോട്ട് വെച്ചു. ജെയ് സണ്‍ ജോസഫ്, സോണി സെബാസ്റ്റന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം.
ന്യൂനപക്ഷ പ്രാതിനിധ്യമെന്ന വാദവുമായി എംഎ ഹസനും നീക്കങ്ങള്‍ നടത്തിയെങ്കിലും അവസാനവട്ട പരിഗണനയില്‍ ഇടം പിടിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടേയും റോബര്‍ട്ട് വന്ദ്രയുടേയും അടുപ്പക്കാരനായി അറിയപ്പെടുന്ന ശ്രീനിവാസ കൃഷ്ണയുടെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും കേരള നേതൃത്വത്തിന് താല്‍പര്യമില്ല. കേരളത്തില്‍ നിന്ന് തന്നെ ഒറ്റപ്പേരിലേക്ക് എത്തുന്നതിലാണ് താല്‍പര്യമെന്ന് സോണിയാ ഗാന്ധി അറിയിച്ചുവെന്നാണ് സൂചനകള്‍.
Adjust Story Font
16