Quantcast

വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പരാതിയുമായി കുടുംബം

വിസ്മയ, സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ രേവതി എന്നിവരുടെ ഫോട്ടോയാണ് അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചർ

MediaOne Logo

Web Desk

  • Updated:

    2022-05-17 15:55:11.0

Published:

17 May 2022 3:53 PM GMT

വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പരാതിയുമായി കുടുംബം
X

കൊല്ലം: കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്ന് പരാതി. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് ആരംഭിച്ചത്. വിസ്മയ, സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ രേവതി എന്നിവരുടെ ഫോട്ടോയാണ് അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചര്‍. ഏകദേശം 800 ഓളം ആളുകൾ ഫ്രണ്ട്സായുണ്ട്.

വിസ്മയയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിസ്മയയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പരാതി സംബന്ധിച്ച് സൈബർസെൽ മുഖേന അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി രവി അറിയിച്ചു.

വിസ്മയ കേസില്‍ ഈ മാസം 23ന് വിധി പറയും. കൊല്ലം ജില്ല അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി പറയുക. ഭർത്താവ് കിരൺ കുമാറിന്‍റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം.

കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും ഉൾപ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 2419 പേജുകളാണ് ഉള്ളത്. കേസില്‍ കിരണ്‍ കുമാറിന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

TAGS :

Next Story