വ്യാജ തിരിച്ചറിയിൽ കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ
പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്.
തിരുവനന്തപുരം: വ്യാജ തിരിച്ചറിയിൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺ്ഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലായവർക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായായാണ് വിവരം. നാല് പേരുടെയും പങ്ക് തെളിയിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.. ഇവരുടെ മൊബൈലുകളിൽ നിന്നും ലാപ്‌ടോപ്പുകളിൽ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
വികാസ് കൃഷ്ണനെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്. അഭിയെ പത്തനംതിട്ടയിൽ നിന്നും മറ്റ് രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശികളാണ് ഇവർ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. ഫെനി കെ.എസ്.യു മുൻ അടൂർ മണ്ഡലം പ്രസിഡന്റും ബിനിൽ കെ.എസ്.യു മുൻ ഏഴംകുളം മണ്ഡലം പ്രസിഡന്റുമാണ്. ഇവർ യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ്. മൂവർക്കും വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
ഇവരുടെ ലാപ്‌ടോപ്പുകൾ വഴിയാണ് വ്യാജ കാർഡുകൾ നിർമ്മിക്കപ്പെട്ടതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലം കേന്ദ്രീകരിച്ച് കാർഡുകൾ നിർമിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. നേരത്തെ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വേണ്ട തെളിവുകൾ ലഭിച്ചിരുന്നു. മൂവരും യൂത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് കസ്റ്റഡിയിലായ ഫെനി. അതിനാൽ പുതിയ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്കും അന്വേഷണം വരും. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16