ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം; നിയമ നടപടിക്ക് സപ്ലൈകോ
ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിച്ചാല്‍ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍(സപ്ലൈകോ) റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി.എം. ജോസഫ് സജു അറിയിച്ചു. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് ഈ വീഡിയോ ശ്രദ്ധയില്‍പെട്ടപ്പോള്‍ സപ്ലൈകോ വിശദീകരണം നല്‍കിയിരുന്നു. വീണ്ടും പല സമൂഹ മാധ്യമങ്ങളിലും ഇത് പ്രചരിക്കുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ വിജിലൻസ് വിങ്ങ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ എൻ.പി രാജേഷ് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പൊട്ടിച്ച് ഉപയോഗിച്ച ശേഷം പാക്കറ്റില്‍ ബാക്കിയായി സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതില്‍ പുഴുക്കളെ കണ്ടെത്തിയതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചില്‍ പെട്ട ആട്ട പാക്കറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാരത്തില്‍ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതാണ്.
വീഡിയോയില്‍ കാണിക്കുന്ന ആട്ടയുടെ കവറില്‍ 2023 ഏപ്രിലില്‍ തയ്യാറാക്കിയതാണ് എന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത കവര്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയ തീയതി പറയുന്നില്ല. പൊട്ടിച്ചശേഷം ബാക്കി വന്ന ആട്ട കേടുവരാത്തവിധം സുരക്ഷിതമായാണോ സൂക്ഷിച്ചതെന്നും വീഡിയോ തയ്യാറാക്കിയ തീയതിയും അവ്യക്തമാണ്. സപ്ലൈകോയുടെ ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അതു വാങ്ങിയ ഔട്ട്ലെറ്റിലോ, സമീപത്തുള്ള ഡിപ്പോയിലോ, റീജിയണൽ ഓഫീസുകളിലോ അറിയിച്ചാല്‍ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്. വീഡിയോയില്‍ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഔദ്യോഗികമായി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല.
പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സപ്ലൈകോയുടെ ഭക്ഷ്യവസ്തു വിതരണ ശൃംഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് കേരള പൊലീസ് ആക്ട് 2011, വകുപ്പ് 120(ഒ) ഉപവകുപ്പ് പ്രകാരം ഒരു വർഷം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16