'മരിച്ചുപോയ ആരും എണീറ്റ് വരേണ്ട'; കള്ളവോട്ട് ചെയ്യാൻ പുതുപ്പള്ളിയിലേക്ക് ഒരുത്തനും വരേണ്ടെന്ന് വി.ഡി സതീശൻ
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് എല്‍.ഡി.എഫ് മാപ്പ് പറയണമെന്നും സതീശന്‍
കോട്ടയം: പുതപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കള്ളവോട്ട് ചെയ്യാൻ ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'ഓരോ ബൂത്തിലെയും വോട്ടർപട്ടികയിൽ നിന്ന് മരിച്ചുപോയവരുടെയും സെപ്തംബർ അഞ്ചിന് വോട്ട് ചെയ്യാൻ ഒരു കാരണവശാലും വരാന്‍ സാധ്യതയില്ലാത്തവരുടെയും കൃത്യമായ കണക്ക് ഞങ്ങള്‍ എടുത്തിട്ടുണ്ട്. ഈ പട്ടിക വോട്ടെടുപ്പ് നടക്കുന്ന അന്ന് പ്രിസൈഡിങ് ഓഫീസറെ ഏൽപ്പിക്കും. അതുകൊണ്ട് ഒരു കാരണവശാലും കള്ളവോട്ട് ചെയ്യാൻ പുതുപ്പള്ളിയിലേക്ക് ഒരുത്തനും വരേണ്ട. വന്നാൽ തൃക്കാക്കരയിൽ രാവിലെ വന്നവന്റെ അനുഭവം ഉണ്ടാകും. മരിച്ചവരാരും എണീറ്റ് വരേണ്ട.സിപിഎമ്മിനെ സഹായിക്കാം എന്ന് ഏതെങ്കിലും പ്രിസൈഡിങ് ഓഫീസർ വിചാരിച്ചാൽ അയാളുടെ കാര്യവും ബുദ്ധിമുട്ടിലാകും..' സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'യു.ഡി.എഫ് ചോദിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ല. മുഖ്യമന്ത്രി ഇപ്പോഴും മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ വിലക്കയറ്റം ഇല്ലെന്ന് വിശ്വസിക്കുന്ന ഏകയാൾ മുഖ്യമന്ത്രിയാണെന്നതാണ് ഏറ്റവും വലിയ തമാശ. ഉമ്മൻ ചാണ്ടിക്കെതിരായ പരാതി വ്യാജമാണെന്ന സി.ബി.ഐ റിപ്പോർട്ട് സി.ബി.ഐ കോടതി അംഗീകരിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ പിണറായി വേട്ടയാടുകയായിരുന്നു. മനപ്പൂർവം ഉമ്മൻചാണ്ടിയെ വേട്ടയാടാനും അപകീർത്തിപ്പെടുത്താനും വേണ്ടി സി.പി.എം നടത്തിയ പ്രചരണവും മുഖ്യമന്ത്രി നടത്തിയ നാടകവും വ്യാജമായിരുന്നെന്ന് തെളിഞ്ഞിരിക്കുയാണ്. തെറ്റായ ആരോപണം ഉന്നയിച്ചപ്പോൾ ഉമ്മൻചാണ്ടിയും കുടുംബം ഒരുപാട് കുടുംബം വേദനിച്ചിട്ടുണ്ട്.ഈ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണം.'.സതീശൻ പറഞ്ഞു.
സമുദായ നേതാക്കളെ ഇടതുമുന്നണി സമ്മർദത്തിലാക്കുകയാണ്. അധികാരം ഉപയോഗിച്ച് എൽ.ഡി.എഫ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരായ വിധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16