Quantcast

'അസ്ഥി പോലും പൊടിഞ്ഞുപോയ മനുഷ്യനെപ്പറ്റിയാണല്ലോ, സങ്കടം തോന്നി': സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെന്ന് ഫ്രാന്‍സിസിന്‍റെ കുടുംബം

സുധാകരൻ മാപ്പ് പറയണമെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    19 Jun 2021 8:16 AM GMT

അസ്ഥി പോലും പൊടിഞ്ഞുപോയ മനുഷ്യനെപ്പറ്റിയാണല്ലോ, സങ്കടം തോന്നി: സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെന്ന് ഫ്രാന്‍സിസിന്‍റെ കുടുംബം
X

മുൻ കെഎസ്‍യു നേതാവ് ഫ്രാൻസിസിനെതിരെയുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആരോപണത്തിനെതിരെ ഫ്രാൻസിസിന്‍റെ കുടുംബം. സുധാകരൻ മാപ്പ് പറയണമെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടു. സുധാകരൻ പറഞ്ഞത് വേദനിപ്പിച്ചെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്നും മകൻ ജോബി പറഞ്ഞു. 24 മണിക്കൂറും കത്തി കൈവശം വെച്ച് നടക്കുന്ന ആളായിരുന്നു ഫ്രാൻസിസെന്നായിരുന്നു സുധാകരന്റെ പരാമർശം.

"മരിച്ച് ഇത്രയും വര്‍ഷമായ മനുഷ്യനെ പറ്റി പറയുമ്പഴേ.. ഇന്ന് രാവിലെയും കൂടി ഞാന്‍ പറഞ്ഞു അസ്ഥി പോലും പൊടിഞ്ഞുപോയ ഡാഡിയെപ്പറ്റിയാണല്ലോ ഇങ്ങനെ പറയുന്നത്. അതിനൊന്നും നില്‍ക്കുന്നയാളല്ല. അത്രയും നല്ല മനുഷ്യനായിരുന്നു"- മേരിക്കുട്ടി പറഞ്ഞു.

സുധാകരന്‍റെ പരാമര്‍ശം കേട്ടപ്പോള്‍ പിതാവിന്‍റെ ഫോട്ടോ സിപിഎം നേതാവ് എ കെ ബാലന് അയച്ചുകൊടുത്തു, അദ്ദേഹത്തെ കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് പ്രതികരിക്കുന്നതെന്ന് മകന്‍ ജോബി പറഞ്ഞു. മരിച്ചുപോയ പിതാവിനെ കുറിച്ച് ഇങ്ങനെ കേള്‍ക്കുന്നത് വേദനാജനകമാണെന്നും ജോബി പറഞ്ഞു.

പഠിക്കുന്ന കാലത്ത് കെ.എസ്.യു സജീവ പ്രവര്‍ത്തകനായിരുന്നു പിതാവ്. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മരിക്കുന്ന സമയത്ത് സിഐടിയു സജീവ പ്രവര്‍ത്തകനായിരുന്നു. മലബാര്‍ പാപ്പന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചിലപ്പോള്‍ ആ പേര് പറഞ്ഞാല്‍ പിണറായി വിജയന് ഓര്‍മയുണ്ടാകുമെന്നും മകന്‍ പറഞ്ഞു.

"2000ല്‍ അദ്ദേഹം എന്നെ വിട്ടുപിരിഞ്ഞ് ഈ ലോകത്തില്‍ നിന്ന് പോയ ആളാണ്. മകന്‍ എന്ന നിലയില്‍ സുധാകരന്‍റെ പ്രതികരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു കാരണവശാലും സഹപാഠിയെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു. ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. എല്ലാ കഥകളും ഡാഡി സുഹൃത്തിനോടെന്ന പോലെ എന്നോട് പറഞ്ഞിട്ടുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായപ്പോള്‍ കൂരാച്ചുണ്ടില്‍ വന്നപ്പോള്‍ എന്‍റെ പിതാവിനെ വേദിക്കരികിലേക്ക് വിളിച്ച് സംസാരിച്ചു. വളരെ തിരക്കുണ്ടായിട്ട് പോലും പിതാവിനോട് സംസാരിച്ചിട്ടാണ് പോയത്. പിണറായി വിജയനെ പോലുള്ള വലിയൊരു നേതാവിനെ കുറിച്ച് ഇങ്ങനെയൊരു പ്രതികരണം സുധാകരന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ അമര്‍ഷമുണ്ട്"- എന്നും ജോബി പറഞ്ഞു.


TAGS :

Next Story