ആദിവാസി യുവാവിനെ അടിമവേല ചെയ്യിച്ച സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം ഒത്തുതീർപ്പ് നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്
വയനാട്: വയനാട്ടിൽ ആദിവാസി യുവാവിനെ അടിമവേല ചെയ്യിച്ചെന്ന പരാതിയിൽ അമ്പലവയൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം ഒത്തുതീർപ്പ് നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്. വിഷയം കേവലം കൂലിത്തർക്കം മാത്രമാക്കി മാറ്റാനാണ് പൊലീസ് ശ്രമമെന്ന് വിവിധ മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു. പൊലീസിനെതിരെ കലക്ടർക്ക് പരാതി നൽകിയ ബന്ധുക്കൾ, വരും ദിവസങ്ങളിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വയനാട്ടിൽ ആദിവാസി യുവാവിനെ നാലുവർഷമായി അടിമ സമാനമായ സാഹചര്യത്തിൽ തൊഴിലെടുപ്പിച്ചെന്ന പരാതിയിൽ പൊലീസ് പ്രതിക്കായി ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പണം വാങ്ങി വിഷയം ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിക്കുന്നതായി പീഡനത്തിനിരയായ രാജുവിന്‍റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
ചീനപുല്ലിലെ എസ്റ്റേറ്റിൽ നാട്ടുകാർ കണ്ടെത്തുമ്പോൾ കീറിപ്പറിഞ്ഞ വസ്ത്രത്തിൽ എല്ലുംതോലുമായ നിലയിലായിരുന്നു യുവാവ്. മാന്യമായ ഭക്ഷണമോ വസ്ത്രമോ വിശ്രമമോ അനുവദിക്കാതെ നാലുവർഷം കടുത്ത ചൂഷണത്തിനിരയാക്കിയതിന്‍റെ ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ രാജുവിന്‍റെ ശരീരത്തിൽ ദൃശ്യമാണെന്നിരിക്കെ വിഷയം കേവലം കൂലിത്തർക്കമാക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഇവർ ആരോപിച്ചു.
Adjust Story Font
16