അക്കൗണ്ടിൽ നിന്ന് രണ്ടുലക്ഷം നഷ്ടമായി; സിദ്ദീഖിന്റെ കൊലപാതകത്തിൽ വഴിത്തിരിവായത് കുടുംബത്തിന്റെ സംശയം
പണം പിൻവലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചതോടെ പൊലീസിന് വേഗത്തിൽ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞു
മലപ്പുറം: വ്യവസായിയായ തിരുർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകത്തില്‍ വഴിത്തിരിവായത് കുടുംബത്തിന്റെ സംശയം. സിദ്ദീഖ് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിലാണ് തിരോധാനത്തിന്റെ ഗതി മാറിയത്. സിദ്ദീഖിനെ കാണാതായതിന് ശേഷം രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി കണ്ടെത്തുകയും കുടുംബം സംശയം പ്രകടിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പതിവ് പോലെ കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിലേക്കെന്ന് പറഞ്ഞാണ് സിദ്ദീഖ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇതിനുശേഷം സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. പിറ്റേദിവസവും സിദ്ദീഖിനെ സംബന്ധിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സിദ്ദീഖ് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഇടപാടുകൾ വീട്ടുകാർ പരിശോധിച്ചത്.
രണ്ട് ലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളിൽ നിന്നായി പിൻവലിച്ചെന്ന് പരിശോധിച്ചതിൽ വ്യക്തമായി. ഗൂഗിൾ പേ വഴിയും പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി.
ഈ വിവരങ്ങൾ ബന്ധുക്കൾ പൊലീസിനെ അറിയിച്ചതോടെയാണ് സിദ്ദീഖ് തിരോധാനത്തിന്റെ ഗതിമാറിയത്. ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പണം പിൻവലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചതോടെയാണ് പൊലീസിന് വേഗത്തിൽ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞത്. മകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് സിദ്ദീഖ് ഉപയോഗിച്ചിരുന്നത്.
Adjust Story Font
16