തനിച്ചിരിക്കുന്നത് ഭയമാണെന്നു പറഞ്ഞ ഉമ്മൻചാണ്ടിയെ പൊതിഞ്ഞ് ജനക്കൂട്ടം
പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഓർമയാകുമ്പോൾ അനാഥത്വത്തിലേക്കെറിയപ്പെടുകയാണ് പുതുപ്പള്ളിക്കൊപ്പം രാഷ്ട്രീയ കേരളവും...
കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി യാത്രയാകുകയാണ്... വിലാപയാത്ര പിന്നിട്ട വഴികൾ കണ്ണീരിൽ കുതിർന്നിരുന്നു... തനിച്ചിരിക്കുന്നത് ഭയമാണെന്നു പറഞ്ഞ ഉമ്മൻചാണ്ടിയെ ഒറ്റയ്ക്ക് പറഞ്ഞയക്കാൻ ആൾക്കൂട്ടം ഒരുക്കമല്ലായിരുന്നു...
ഉമ്മൻ ചാണ്ടി.... ആ പേരു പോലെ തന്നെ വ്യത്യസ്തമായിരുന്നു ആ ജീവിതവും. കല്ലെറിഞ്ഞവരോടും ക്ഷമിക്കാനാകുന്ന മഹാമനസ്‌കത... ആ മനസ്സാക്ഷി കോടതിയുടെ ശരികൾക്ക് മുൻപിൽ ആരോപണങ്ങളോരോന്നായി അലിഞ്ഞില്ലാതായി.... വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്ന് കേരളം ഇനിയെങ്കിലും തിരിച്ചറിയട്ടെ...
രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടലുകൾക്ക് വിധേയമാകുമ്പോഴും ആ പുഞ്ചിരി കെടാതെ സൂക്ഷിച്ചു. ഇടനെഞ്ചിലേക്ക് കല്ലെറിഞ്ഞ കേരളത്തിന് മാപ്പിരന്നല്ലാതെ ഈ മനുഷ്യനെ യാത്രയാക്കാനാകില്ല...
'ജനങ്ങൾക്കിടയിൽ ജീവിച്ചു' എന്ന് ഇത്ര ആധികാരികമായി മറ്റൊരു ജീവിതത്തെയും അടയാളപ്പെടുത്താനാകില്ല. ജനസമ്പർക്കത്തിൽ അറുപതുകളിലെ കെ എസ് യുക്കാരന്റെ ഊർജവും ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയക്കാരനിലെ സഹാനുഭൂതിയും കേരളം തൊട്ടറിഞ്ഞു. അലസമായി കിടക്കുന്ന മുടിയും കയ്യിലിരുന്ന കടലാസുകളിലെ ജീവിതങ്ങളും മലയാളികളുടെ മനസ്സിൽ ബാക്കിയാക്കി.
പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഓർമയാകുമ്പോൾ അനാഥത്വത്തിലേക്കെറിയപ്പെടുകയാണ് പുതുപ്പള്ളിക്കൊപ്പം രാഷ്ട്രീയ കേരളവും. ഒരു രൂപയുടെ നാണയ തുട്ടു കൊണ്ട് ഒരു കിലോ അരി ലഭിക്കുമെന്ന് കേരളത്തെ ബോധിപ്പിച്ച പ്രിയ നായകാ.... അങ്ങേയ്ക്ക് വിട....ഒരു കടലാസും പിടിച്ചു കർത്താവും കാത്തിരിക്കുന്നുണ്ടാകും...
Farewell to Oommen Chandy
Adjust Story Font
16