ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് മർദ്ദിച്ച സംഭവം; കുട്ടിയെ പീസ് വാലി ഏറ്റെടുത്തു
എറണാകുളം മട്ടാഞ്ചേരിയിൽ പിതാവ് മർദിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ പീസ് വാലി ഏറ്റെടുത്തു
എറണാകുളം മട്ടാഞ്ചേരിയിൽ പിതാവ് മർദിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ പീസ് വാലി ഏറ്റെടുത്തു. 18 വയസ്സുള്ള കുട്ടിയെ പിതാവ് സുധീർ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് കേരളം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിൽ പിതാവ് ചെറളായിക്കടവ് സ്വദേശിയായ സുധീറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു . കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. സുധീർ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നും അവർ പോലീസിന് മൊഴി നൽകിയിരുന്നു.
ഇതേ തുടർന്ന് കുട്ടിയെ ഏറ്റെടുക്കാനുള്ള സന്നദ്ധത പീസ് വാലി അറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പീസ് വാലിക്ക് കുട്ടിയെ ഏറ്റെടുക്കാൻ രേഖാമൂലം അനുമതി നൽകി. ശേഷമാണ് പീസ് വാലി കുട്ടിയെ ഏറ്റെടുത്തത്. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്.
പീസ് വാലി ചെയർമാനായ പി എം അബൂബക്കറും മറ്റ് അംഗങ്ങളും നേരിട്ടെത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്. ചികിത്സക്കും പരിചരണത്തിനും ശേഷം കുട്ടിയെ തിരികെ ഏൽപ്പിക്കും. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസും ഒപ്പമുണ്ടായിരുന്നു.
Adjust Story Font
16