Quantcast

'പിതാവിനെ സംഘ്പരിവാർ ആയുധമാക്കുന്നു; ഞാന്‍ സുരക്ഷിത'; മനസ്സുതുറന്ന് ഹാദിയ

''ജീവിതത്തിൽ ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യക്കുറവോ സന്തോഷക്കുറവോ ഉണ്ടായിട്ടില്ല. മുന്നോട്ടുപോകാൻ പറ്റില്ലെന്ന സാഹചര്യം വന്നപ്പോൾ രണ്ടുപേരും തീരുമാനിച്ചു വേർപിരിയുക മാത്രമാണുണ്ടായത്.''

MediaOne Logo

Web Desk

  • Updated:

    2023-12-08 02:05:55.0

Published:

7 Dec 2023 5:29 PM GMT

The father is used as a tool of the Sangh Parivar; I am safe: Hadiya reveals to MediaOne, Akhila Hadiya,
X

ഹാദിയ

തിരുവനന്തപുരം: അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ഹാദിയ. എട്ടു വര്‍ഷം മുന്‍പ് ഇസ്‍ലാംമതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് ആരോപിച്ച് വൈക്കം സ്വദേശി അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഹാദിയ 'മീഡിയവണി'നോട് മനസ്സുതുറന്നത്. താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയുമെന്നും അവര്‍ പറഞ്ഞു. താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

''ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തിൽ നല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.''-ഹാദിയ ചൂണ്ടിക്കാട്ടി.

അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടർനടപടികളുണ്ടാകും.

''സുപ്രിംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണു ചെയ്തത്. സ്വാതന്ത്ര്യം വേണമെന്നാണ് ഞാൻ സുപ്രിംകോടതിയിൽ ചോദിച്ചത്. ഞാൻ പ്രായപൂർത്തിയായ സ്ത്രീയാണ്. എനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതാണ് കോടതി പൂർണമായും എനിക്ക് അംഗീകരിച്ചുതന്നിട്ടുള്ളത്. ആ സമയത്ത് ഷെഫിൻ ജഹാനെ കല്യാണം കഴിച്ചിരുന്നു. അതു കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനിച്ചു പിരിയുകയായിരുന്നു. ഒരു വക്കീലിനെ കണ്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

വീണ്ടും വിവാഹിതയായിട്ടുണ്ട്. അതേക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. വേർപിരിയാനും പുനർവിവാഹം ചെയ്യാനും എല്ലാവരെയും ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീയാണു ഞാൻ. എനിക്ക് എന്റേതായ തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയുമായിട്ടുണ്ട്. അതനുസരിച്ചാണു വിവാഹബന്ധം വേർപ്പെടുത്തിയതും പറ്റിയ ഒരാളെ വീണ്ടും വിവാഹം കഴിച്ചതും.

ഞാൻ സുരക്ഷിതയായാണു കഴിയുന്നത്. അത് ഏറ്റവും നന്നായി എന്റെ മാതാപിതാക്കൾക്ക് അറിയാം. പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമെല്ലാം അത് അറിയാം. അവരെല്ലാം എന്നെ വിളിക്കുന്നതാണ്. അതിൽ ഇനി എന്തിനാണു വ്യക്തത ആവശ്യമുള്ളതെന്ന് അറിയില്ല. പുതിയ കുടുംബജീവിതത്തിൽ സന്തോഷവതിയാണ്.''

ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന അച്ഛന്റെ പുതിയ ഹേബിയസ് കോർപസിൽ ഒരു വസ്തുതയുമില്ലെന്നും അവര്‍ വ്യക്തമാക്കി. അച്ഛൻ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. എല്ലാം വിശദമായി പറയുകയും ഭർത്താവിന്റെ ഉമ്മ അവരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാവരും സത്യസന്ധരായി നിൽക്കുന്നവരല്ല. മാതാപിതാക്കളുടെ വികാരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കണമെന്നു വിശ്വസിക്കുന്നയാളുമാണ് ഞാൻ. അത് എന്റെ മതത്തിൽ നിർബന്ധമായ കാര്യമാണ്. ഞാൻ മുസ്‌ലിമാണ്. മുസ്‌ലിമാകാനായാണ് ഇത്രയും വർഷം കഴിഞ്ഞത്. മുസ്‌ലിമായ ശേഷമാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്. ആദ്യത്തെയും രണ്ടാമത്തെയും വിവാഹങ്ങളെല്ലാം എന്റെ തിരഞ്ഞെടുപ്പുകളാണ്. അതിൽ വേറെ സംഘടനകളുണ്ടെന്നു പറയുന്നതിൽ ഒട്ടും വസ്തുതയില്ല. എന്റേതായ ഇടത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ആ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചൂണ്ടിക്കാട്ടി

ലൗജിഹാദ് ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് ഒരുപാട് തവണ പറഞ്ഞതാണ്. കോടതിയിൽ തന്നെ അതിന്റെ തെളിവുകളുള്ളതാണ്. 2016ൽ ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഹൈക്കോടതിയിൽ ഞാൻ ഹാജരായതാണ്. അന്ന് ഞാൻ വിവാഹിതയായിരുന്നില്ല. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചത്. അതിനും കുറേ വർഷം കഴിഞ്ഞാണ് രണ്ടാം വിവാഹം. ഇത് പ്രണയവിവാഹമല്ല. ഇസ്‌ലാമികമായ രീതിയിലുള്ള വിവാഹമായിരുന്നുവെന്നും ഹാദിയ പറഞ്ഞു.

ഞാൻ സന്തോഷത്തോടെയാണു ജീവിച്ചത്. ജീവിതത്തിൽ ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യക്കുറവോ സന്തോഷക്കുറവോ ഉണ്ടായിട്ടില്ല. മുന്നോട്ടുപോകാൻ പറ്റില്ലെന്ന സാഹചര്യം വന്നപ്പോൾ രണ്ടുപേരും തീരുമാനിച്ചു വേർപിരിയുക മാത്രമാണുണ്ടായത്. കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്. മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയതു തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആലോചനയുമുണ്ടെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

Summary: 'Father is used as a tool of the Sangh Parivar; I am safe': Hadiya reveals to MediaOne

TAGS :

Next Story