Quantcast

രാജ്യത്ത് രാസവള ക്ഷാമം: ബാധിക്കുക നെൽകർഷകരെ

രാസവള വിലക്കയറ്റത്തിൻ്റെയും ഭക്ഷ്യ വിലക്കയറ്റത്തിൻ്റെയും പശ്ചാത്തലത്തിൽ ജിഎസ്ടി പരിധിയിൽ നിന്ന് രാസവളത്തെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-05-16 01:51:35.0

Published:

16 May 2022 1:50 AM GMT

രാജ്യത്ത് രാസവള ക്ഷാമം: ബാധിക്കുക നെൽകർഷകരെ
X

ന്യൂഡല്‍ഹി: കേരളത്തിലെ നെൽ കർഷകർക്ക് തിരിച്ചടിയായി രാജ്യത്തെ രാസവള ക്ഷാമം. നെല്ലുൾപ്പെടെയുള്ള ഖാരിഫ് വിളകളിറക്കാനിരിക്കെയാണ് ഫോസ്ഫേറ്റ്, പൊട്ടാഷ്യം വളങ്ങളുടെ ക്ഷാമം രാജ്യത്തെ ബാധിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്ത് വളത്തിന് ക്ഷാമം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

ഒന്നാം വിരിപ്പ് നെൽകൃഷി ആരംഭിക്കാൻ ഒരു മാസം മാത്രമാണ് സമയം ഉള്ളത്. പൊക്കാളി കൃഷിയും ആരംഭിക്കാൻ സമയമായി. ഈ ഘട്ടത്തിലാണ് രാജ്യത്തെ രാസവള ക്ഷാമം രൂക്ഷമാകുന്നത്. യുക്രൈൻ- റഷ്യ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ പ്രതിസന്ധിയാണ് ക്ഷാമത്തിന് മുഖ്യ കാരണം. ഇന്ത്യയ്ക്ക് ആവശ്യമായ 40 മുതൽ 45 ശതമാനം വരെ ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യാൻ ചൈനയെ ആണ് രാജ്യം ആശ്രയിക്കുന്നത്. ബെലാറൂസിൽ നിന്നും റഷ്യയിൽ നിന്നുമാണ് പൊട്ടാഷ്യം ഇറക്കുമതി ചെയ്യുന്നത്. യുദ്ധം ഇറക്കുമതിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

3.54 കോടി ടൺ വളമാണ് ഇക്കുറി രാജ്യത്ത് ഖാരിഫ് വിളകൾക്ക് ആവശ്യമായി വരുന്നത്. ആഭ്യന്തര ശേഖരത്തിൽ 1.25 കോടി ടൺ ശേഖരം ഉണ്ടെന്നും അത് കൊണ്ട് ക്ഷാമം നേരിടേണ്ടി വരില്ലെന്നുമാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ബാക്കി 2.54 കോടി ടൺ രാസവളം ആഭ്യന്തരമായി ഉത്പാദിപ്പിക്കാമെന്നും കേന്ദ്ര സർക്കാർ പറയുന്നു. അപ്പോഴും ഉത്പാദനത്തിന് ആവശ്യമായ 19.81 ലക്ഷം ടൺ പൊട്ടാസ്യത്തിൻ്റെ അഞ്ച് ശതമാനം മാത്രമെ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. ബാക്കി 23.18 ലക്ഷം ടൺ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.

അന്താരാഷ്ട്ര വിപണിയിൽ പൊട്ടാഷിൻ്റെ വില കുതിച്ചുയരുകയാണ്. ഡിസംബറിൽ ഒരു ടണ്ണിന് 445 ഡോളറായിരുന്നു വിലയെങ്കിൽ കഴിഞ്ഞ മാസം ഇത് 600 ഡോളറായി വർദ്ധിച്ചു. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പൊട്ടാഷ് ഇറക്കുമതിക്ക് ഇസ്രായേൽ, ജോർദാൻ രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. രാസവള വിലക്കയറ്റത്തിൻ്റെയും ഭക്ഷ്യ വിലക്കയറ്റത്തിൻ്റെയും പശ്ചാത്തലത്തിൽ ജിഎസ്ടി പരിധിയിൽ നിന്ന് രാസവളത്തെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

TAGS :

Next Story