'കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?'; മന്‍സൂര്‍ വധക്കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതി സുഹൈല്‍ കീഴടങ്ങി
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. തലശേരി കോടതിയിലെത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സുഹൈല്‍ കീഴടങ്ങിയത്. താന്‍ നിരപരാധിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷമാണ് കീഴടങ്ങിയത്.
തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലാണ്, മന്‍സൂറിന് അപകടം പറ്റിയത് തന്നെ താന്‍ അറിയുന്നത് സഹോദരന്‍ ഫോണിലൂടെ അറിയിക്കുമ്പോഴാണ്. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?മൻസൂർ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങൾക്കറിയില്ലേ ? അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാർട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?പാർട്ടിയേക്കാൾ വലിയ സംഘടന ബന്ധം മൻസൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ? കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടും കൈ ചെയ്യാനോ അതിന് കൂട്ട് നിൽക്കാനോ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നോ ? മൻസൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാൻ അവൻ ഇപ്പോൾ ലീഗുകാരൻ ആവണ്ടേ ? കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പ് മുതൽ സുന്നീ സംഘടനയെ അതിരറ്റ് സ്നേഹിക്കുന്ന മൻസൂർ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാൾ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകൾ എന്റെ പക്കലുണ്ട് !അങ്ങനെ ഉള്ള മൻസൂറിനെ ഇല്ലായ്മ ചെയ്യാൻ ഞാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
വൈകുന്നേരങ്ങളിൽ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാൻ പോകുമ്പോൾ ഞങ്ങൾ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങൾ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും SSF ഇനേയും Sys ഇനേയും കുറിച്ചായിരുന്നു. എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കിൽ പോലും അവനും എന്റെ അനിയനല്ലായിരുന്നോ? അവന്റെ ജ്യേഷ്ഠൻമാർ മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് ! എന്റെ പല സംഘടന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും ! SSF , SYS , കേരള മുസ്ലിം ജമാഅത്ത് പ്രവർത്തനങ്ങൾക്ക് ഞാൻ എപ്പോൾ വിളിച്ചാലും ഓടി വരികയും ആവശ്യമായാൽ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന പൂർണമായും സംഘടന കുടുംബമാണ് മൻസുറിന്റേത്. ആ കുടുംബത്തെ ഒരു മുളള് കൊണ്ടെങ്കിലും വേദനിപ്പിക്കുവാൻ എനിക്ക് കഴിയുമോ ?
ഒരിക്കലും കഴിയില്ല !
എന്ന് മാത്രമല്ല എന്റെ പുല്ലൂക്കരയിലെ സഹോദരൻമാരിൽ രാഷ്ട്രീയമായി പലരും വ്യത്യസ്ഥ ചേരിയിൽ . ആണെങ്കിലും എന്റെ ആദർശം പറയുകയല്ലാതെ നാളിതു വരെ ഒരു ബല പ്രയോഗം പോലും തമ്മിൽ നമ്മൾ നടത്തിയോ ?
അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങൾ പറഞ്ഞും തർക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടിൽ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയിൽ തമ്മിലുള്ളത് ?
അങ്ങനെയുള്ളപ്പോൾ ഒരു തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ പേരിൽ പ്രിയപ്പെട്ട മൻസൂറിനെ കൊല്ലാൻ ഞാൻ ഗൂഡാലോചന നടത്തുമെന്നും അതിന് വാട്സാപ്പ് സ്റ്റാറ്റസ് വെച്ച് തീരുമാനമെടുക്കാൻ ഞാൻ കൂട്ട് നിൽക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ?
അങ്ങനെ നിങ്ങൾ വിശ്വസിച്ചെങ്കിൽ ഇത്രയും കാലം പുല്ലൂക്കരയിൽ ഞാനും നിങ്ങളും ചിരിച്ചു കളിച്ചു ജീവിച്ചത് പരസ്പരം മനസ്സ് കൊണ്ട് ഒന്നിച്ചല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഞാൻ ഫേസ്ബുക്കിലും വാട്സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവർക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാൻ ഇവിടെ പറയുന്നു.
മൻസൂറിന് അപകടം പറ്റിയത് തന്നെ ഞാൻ അറിയുന്നത് മൻസൂറിനൊപ്പം അപകടം നടക്കുമ്പോൾ ഉണ്ടായിരുന്ന എന്റെ സഹോദരൻ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോൾ ആണ് . ആ സമയത്ത് ഞെട്ടിതരിച്ച എന്നോട് മറ്റെന്തൊക്കെയോ പറഞ്ഞപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പിറ്റേ ദിനം എന്റെ കുഞ്ഞനുജൻ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അവനെ ഒരു നോക്ക് കാണാനും അവന്റെ ഖബ്റിൽ ഒരു പിടി മണ്ണ് വാരിയിടാനും ഏറെ ആഗ്രഹിച്ചിരുന്നു.
പക്ഷേ രാഷ്ട്രീയ പകപോക്കൽ കാലങ്ങളായി നേരിടുമ്പോൾ ഏറെ പ്രിയപ്പെട്ട മൻസൂറിന്റെ മരണത്തിലും എന്നെ പ്രതിയാക്കി നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും കുടുംബത്തിലും അറിയാതെ ഇട്ടു പോയ ഒരു വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ വെറുക്കപ്പെട്ടവനായി മാറ്റാൻ ചിലർക്ക് കഴിഞ്ഞു. അല്ലേലും അത് അങ്ങനെ ആണല്ലോ പതിവ്. MSF ഇന്റേയും യൂത്ത് ലീഗിന്റേയും നേതൃസ്ഥാനത്ത് ഇരുന്ന ഞാൻ മുസ്ലീം ലീഗ് രാഷ്ട്രീയം വിട്ട് 10 വർഷത്തോളം ആകുന്നു. അന്ന് തുടങ്ങിയ വേട്ടയാടൽ അല്ലേ എന്റെ പിന്നാലെ ? അന്ന് മുതലേ ഒറ്റപെടുത്തലും കുറ്റപ്പെടുത്തലും ആയി ശ്രമിച്ചപ്പോൾ മൻസൂറിനെ പോലെയുള്ളവർ എന്റെ കൂടെ നിന്നു .അതിൽ പരാജയപ്പെട്ടപ്പോൾ നാട്ടിലെ എന്ന് വിഷയം നടന്നാലും അതിൽ ഒന്നിലും ഞാൻ ഇല്ലെങ്കിൽ പോലും എന്നെ പ്രതി ചേർത്ത് ജയിലിലടക്കാൻ എത്ര വട്ടം നിങ്ങൾ ശ്രമം നടത്തിയിട്ടുണ്ട്. എത്ര കള്ളക്കേസുകളിൽ എന്നെ കുടുക്കാൻ ശ്രമിച്ചു. റബ്ബിന്റെ തൗഫീക് കൊണ്ട് പലപ്പോഴും ഞാൻ രക്ഷപ്പെട്ടതാണ്. CPM പ്രവർത്തനം മാത്രമല്ലല്ലോ നിങ്ങൾക്ക് ഞാൻ ശത്രുവായത്. Sys ഇന്റേയും ആർ. ഉസ്താദ് മദ്രസയുടേയും പ്രവർത്തനത്തിൽ പങ്കാളിയാവുന്നതും സജീവമാകുന്നതും നിങ്ങൾക്ക് കലിയാണ്. അവസാനം എല്ലാത്തിനും പരിഹാരമായി ഈ ദാരുണ സംഭവം നിങ്ങൾക്ക് കിട്ടി. ഇതിൽ ഒരു സ്റ്റാറ്റസിന്റെ പേരിൽ എന്നെ കൊടും ക്രിമിനലായി പ്രചരിപ്പിച്ചാൽ ജയിലിൽ കിടത്തുന്നതിനേക്കാൾ എന്റെ നാട്ടുകാരുടെ മുന്നിൽ വെറുക്കപ്പെട്ടവനായി മാറ്റിയെടുക്കാമെന്ന് നിങ്ങൾ കരുതിയിട്ടുണ്ടാവുമല്ലേ ? എല്ലാം റബ്ബ് തെളിയിക്കും ഇൻശാ അള്ളാഹ് .
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്റെ നാട്ടിൽ നടന്നത്. മുസ്തഫക്കയുടേയും ആ കുടുംബത്തിന്റേയും വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . ആ വേദനയേക്കാൾ നൂറു മടങ്ങ് വേദനയാണ് എന്റെ പ്രിയപ്പെട്ട മൻസൂറിനെ ഞാൻ കൊന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്. മൻസൂറിനെ കൊല്ലാൻ മാത്രം ക്രൂരനാണ് ഞാൻ എന്ന് എന്റെ പ്രിയപ്പെട്ട മുസ്തഫ്ക്ക വിശ്വസിക്കുന്നുണ്ടോ?
നിയമ വ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്. അവിടെ ഞാൻ എന്റെ നിരപരാധിത്തം തെളിയിക്കും.നുണ പരിശോധന അടക്കംമുള്ള ടെസ്റ്റ്കൾക്ക് തയ്യാറാണ്.
എനിക്ക് എന്റെ മൻസൂറിനെ കൊല്ലാൻ കഴിയില്ലെന്ന് . എല്ലാം റബ്ബിൽ തവക്കുലാക്കി മുന്നോട്ട് പോകുകയാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആർക്കെങ്കിലും വിശ്വാസമുണ്ടെങ്കിൽ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് വസീയത്തോടെ നിർത്തുന്നു. അസ്സലാമു അലൈകും
Adjust Story Font
16