Quantcast

വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

മുഖ്യമന്ത്രിക്കെതിരെ പുറത്ത് നടത്തിയിരുന്ന പ്രതിഷേധം സഭക്കുള്ളിലും കത്തിപ്പടരും

MediaOne Logo

Web Desk

  • Published:

    26 Jun 2022 1:10 AM GMT

വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം
X

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം നാളെ ആരംഭിക്കും . മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണം,രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിപക്ഷത്തിന് മുന്നിലുണ്ട്. സ്വപ്നയുടേത് പഴയ ആരോപണങ്ങളാണെന്ന് പറഞ്ഞ് സഭയ്ക്കുള്ളിൽ പ്രതിരോധം തീർക്കാനായിരിക്കും സർക്കാർ ശ്രമം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ വൻ ഊർജ്ജവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത്. സിറ്റിംങ് സീറ്റ് നിലനിർത്തിയതെങ്കിലും തുടരെ തോൽവികൾക്കിടയിൽ കിട്ടിയ വമ്പൻ വിജയം പ്രതിപക്ഷത്തിൻറെ ഊർജ്ജം ഇരട്ടിയാക്കിയിട്ടുണ്ട്. അത് കുടാതെയാണ് ബോണസായി കിട്ടിയ സ്വപ്നയുടെ ആരോപണവും രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണവും. മൂന്നും കൂടി ആയപ്പോൾ സർക്കാർ ആകെ പ്രതിരോധത്തിലാണ്.

നാളെ തുടങ്ങുന്ന സഭ സമ്മേളനത്തിൽ സർക്കാരിന്റെ ഈ പ്രതിസന്ധി മുതലെടുത്ത് ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. ഇതുവരെ മുഖ്യമന്ത്രിക്കെതിരെ പുറത്ത് നടത്തിയിരുന്ന പ്രതിഷേധം സഭക്കുള്ളിലും കത്തിപ്പടരും. ആദ്യദിവസങ്ങളിൽ തന്നെ അടിയന്തിര പ്രമേയമായി ഈ വിഷയങ്ങൾ കൊണ്ട് വരാനാണ് പ്രതിപക്ഷത്തിൻറെ ആലോചന. ബഫർ സോൺ വിഷയത്തിലെ മന്ത്രിസഭ തീരുമാനത്തിനും സർക്കാരിന് മറുപടി പറയേണ്ടിവരും.

എന്നാൽ സ്വപ്നയുടെ ആരോപണങ്ങൾ പഴയതാണെന്ന് പറഞ്ഞ് പ്രതിരോധം തീർക്കാനാണ് സർക്കാർ നീക്കം. രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് അടക്കം പ്രതിരോധത്തിനായി സർക്കാർ ഉപയോഗിക്കും. തൃക്കാക്കര തോൽവിക്ക് ശേഷം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സഭയക്കുള്ളിൽ മൗനം വെടിയാൻ സാധ്യതയുണ്ട്.

വിമാനത്തിലെ പ്രതിഷേധവും പ്രതിപക്ഷത്തെ നേരിടാനുള്ള ആയുധമായി ഉപയോഗിക്കും. നിയമസഭ സമുച്ചയത്തിൽ അനിത എത്തിയത് പ്രതിപക്ഷം ഉപയോഗിച്ചാൽ ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ട് നിന്നത് ഉപയോഗിച്ച് തിരിച്ചടിക്കാനാണ് സർക്കാർ തീരുമാനം. നാളെ മുതൽ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്.

TAGS :

Next Story