ഇരവിപേരൂരില്‍ സിപിഐ പ്രവര്‍ത്തകന് നേരെ ആക്രമണം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുമ്പനാട് വച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം
സിപിഐ പ്രവർത്തകനെയും സഹോദരനെയും സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി പരാതി. കോയിപ്രം തട്ടയ്ക്കാട് സ്വദേശിയും സിപിഐ പ്രവര്‍ത്തകനുമായ ബിജുവിനെയും സഹോദരനെയും സംഘം ചേര്‍ന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ സിപിഎം പ്രവർത്തകരായ മൂന്ന് പേരെ പ്രതി ചേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുമ്പനാട് വച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മറ്റിയംഗവും കോയിപ്രം പഞ്ചായത്തംഗവുമായ ബിജു വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും ഇവരില്‍ നിന്ന് സംഭവത്തിന് ശേഷവും ഭീഷണിയുണ്ടായതായും പരാതിക്കാര്‍ പറയുന്നു.
അക്രമവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജു വര്‍ക്കി പറയുന്നത്. സംഭവ സ്ഥലത്ത് പോലുമില്ലാതിരുന്ന തന്നെ മുന്‍ വൈരാഗ്യത്തിന്റെയും രാഷ്ട്രീയ ലക്ഷ്യത്തിന്റെയും പേരില്‍ കള്ളക്കേസില്‍ കുടുക്കിയതാണന്നും അയാള്‍ പറഞ്ഞു. അതേസമയം ആക്രമണത്തിനിരയായവരുടെ പരാതിയില്‍ കോയിപ്രം പൊലീസ് ബിജുവടക്കമുള്ള മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നാണ് സിപിഐ - സിപിഎം നേതൃത്വങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16