ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യംചെയ്യും; താരങ്ങളെ ഹോട്ടലിലെത്തിച്ചയാള്‍ കസ്റ്റഡിയില്‍
എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യും. ഇവരെ ഓം പ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിൻറെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസിൽ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാൾ. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യുന്നതിനിടയിൽ മറ്റാരെങ്കിലും മുറിയിൽ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാൻ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് താരങ്ങൾ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേർ മുറിയിലെത്തിയിരുന്നതായാണു വിവരം.
Summary: Film stars Sreenath Bhasi and Prayaga Martin will be interrogated in the drug case against gangster Om Prakash
Adjust Story Font
16