Quantcast

കേന്ദ്ര ബജറ്റ്: കേരളത്തോട് വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണം. പദ്ധതിക്ക് കേന്ദ്ര വിഹിതവും വേണം

MediaOne Logo

Web Desk

  • Published:

    1 Feb 2022 2:41 AM GMT

കേന്ദ്ര ബജറ്റ്: കേരളത്തോട് വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
X

കേന്ദ്ര ബജറ്റില്‍ കേരളത്തോട് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണം. പദ്ധതിക്ക് കേന്ദ്ര വിഹിതവും വേണം. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് തൊട്ട് മുമ്പ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും മീഡിയവണിനോട് പങ്കുവെയ്ക്കുകയായിരുന്നു ധനമന്ത്രി.

ജനങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതികളുണ്ടാവണം. കോവിഡ് ദുരന്തത്തിന്‍റെ അത്യപൂര്‍വ സാഹചര്യമാണ്. അതിനാല്‍ പ്രത്യേക പദ്ധതികള്‍ വേണം. കേരളം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. രണ്ട് പ്രളയവും കോവിഡും കാരണം വലിയ തോതില്‍ സാമ്പത്തിക തകര്‍ച്ചയാണ്. രണ്ട് വര്‍ഷം മുന്‍പുള്ള വരുമാനത്തിലാണ് രാജ്യം നില്‍ക്കുന്നത്. പക്ഷേ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. വരുമാനം സംരക്ഷിക്കുന്ന നിലപാട് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.

ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാത്തവര്‍ക്കായി പ്രത്യേക പാക്കേജിനുള്ള സാധ്യതയുമുണ്ട്.

TAGS :

Next Story