ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെന്ന് ധനമന്ത്രി
ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു
കൊല്ലം: ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരിലും കള്ള നാണയങ്ങൾ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലക്ഷക്കണക്കിനാളുകൾക്ക് പെൻഷൻ നൽകുമ്പോൾ ചില പുഴുക്കുത്തുകൾ ഉണ്ടാകും. അങ്ങനെയുള്ളവരെ കണ്ടെത്തി കർശന നടപടി എടുക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
കോളജ് അധ്യാപകരടക്കം ഗസ്റ്റഡ് ഉദ്യോഗസ്ഥരും ദുർബല ജനവിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ കൊള്ളയടിച്ചതായാണ് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയത്. 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപറ്റിയെന്നാണ് കണക്കുകൾ. അനധികൃതമായി കൈപറ്റിയ പണം പലിശയടക്കം തിരികെ പിടിക്കാൻ ധനമന്ത്രി നിർദേശം നൽകിയിരുന്നു.
ധനവകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ ഏറ്റവുമധികം തട്ടിപ്പുകാരുള്ളത് ആരോഗ്യ വകുപ്പിലാണ്. 373 പേരാണ് ഈ വകുപ്പിൽ മാത്രം അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാംസ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയൂർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ തട്ടിയെടുത്തു.
ക്രമക്കേട് നടത്തിയ രണ്ട് അസിസ്‌റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലും മറ്റൊരാൾ പാലക്കാട്ടും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നുപേരും ക്ഷേമ പെൻഷൻ കൈപറ്റിയവരുടെ പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേമ പെൻഷൻ പട്ടിക കുറ്റമറ്റതാക്കാനാണ് നീക്കം.
Adjust Story Font
16