Quantcast

കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു

മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും, 18 വയസ് ആകുന്നതുവരെ മാസംതോറും 2,000 രൂപ വീതവും നൽകും

MediaOne Logo

Web Desk

  • Published:

    20 Aug 2021 12:14 PM GMT

കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു
X

കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2,000 രൂപ വീതവും നൽകാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനുപുറമെ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വഹിക്കും.

നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളാണുള്ളത്. ഐസിഡിഎസ് ജീവനക്കാർ മുഖേന ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂനിറ്റുകൾ ഓരോ കുട്ടിയുടെയും സ്ഥിതി വിലയിരുത്തി. ഈ റിപ്പോർട്ട് ശിശുസംരക്ഷണ സമിതിക്ക് നൽകുകയും കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. കോവിഡ്മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനകം അനുബന്ധ ശാരീരിക പ്രശ്നങ്ങളാൽ മരിച്ച മാതാപിതാക്കളുടെ കുട്ടികൾ, പിതാവോ മാതാവോ മുൻപ് മരിക്കുകയും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരിക്കുകയും ചെയ്തവർ, മാതാവോ പിതാവോ നേരത്തെ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ് മൂലം മരിച്ചവർ, മാതാപിതാക്കൾ മരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുകയും നിലവിൽ സംരക്ഷിക്കുന്ന രക്ഷിതാക്കൾ കോവിഡ് മൂലം മരിക്കുകയും ചെയ്തവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകും.

സർക്കാർ ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ ലഭിക്കുന്നവരെ ധനസഹായത്തിന് പരിഗണിക്കില്ല. നിലവിൽ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാൽ കുട്ടിക്ക് 18 വയസാകുന്നതിനുമുൻപ് രക്ഷിതാക്കൾക്ക് ഈ സ്‌കീമിൽ തിരികെചേരാനും പറ്റും. ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കുകയും ചെയ്യാം.

സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് 18 വയസിനുശേഷം പിൻവലിക്കാവുന്ന തരത്തിലും എന്നാൽ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിൻവലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയിൽ മൂന്നുലക്ഷം രൂപ ധനസഹായം നൽകുന്നത്. സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് പ്രതിമാസം 2,000 രൂപ വീതം 18 വയസ് പൂർത്തിയാക്കുന്നതുവരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കും. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അതതു സമയങ്ങളിൽ അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ടാണ് തുക നൽകുക.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയർപേഴ്സനായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കൺവീനറായും ആരോഗ്യവകുപ്പ് ഡയറക്ടർ/ അഡീഷണൽ ഡയറക്ടറിൽ കുറയാത്ത പ്രതിനിധി എന്നിവർ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ മുഖാന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.

TAGS :

Next Story