സുപ്രിംകോടതി അറസ്റ്റ് വാറണ്ടിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; കൊച്ചിയിൽ രണ്ട് പേർ പിടിയിൽ
ആലുവ സ്വദേശിയായ 62 കാരനിൽ നിന്നാണ് 1 കോടി 15 ലക്ഷം രൂപ തട്ടിയെടുത്തത്
കൊച്ചി: സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നപേരിൽ സാമ്പത്തികതട്ടിപ്പ് നടത്തിയ രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. കോഴിക്കോട് സ്വദേശികളായ അശ്വിൻ,അതുൽ എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്.
ആലുവ സ്വദേശിയായ 62 കാരനിൽ നിന്നാണ് 1 കോടി 15 ലക്ഷം രൂപ തട്ടിയെടുത്തത്. കോടതി ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. മുംബൈ പൊലീസ് 245 എ.ടി.എം കാർഡുകൾ പിടിച്ചെടുത്തെന്നും അതിലൊന്ന് ആലുവ സ്വദേശിയുടെ ആധാർ നമ്പറിൽ രജിസ്റ്റർ ചെയ്തതാണെന്നും പ്രതികൾ ഫോണിലൂടെ അറിയിച്ചു.
ഈ സംഭവത്തിൽ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രതികൾ അറിയിച്ചു. ഇത് തടയണമെങ്കിൽ കുറച്ച് പണം വേണമെന്ന് വീഡിയോ സന്ദേശത്തിൽ പ്രതികൾ അറിയിച്ചു. തുടർന്നാണ് അഞ്ച് അക്കൗണ്ടുകളിലേക്കായി ആറുതവണയായി ഒരുകോടി രൂപയിലധികം കൈമാറിയത്. ഇതിന് പുറമെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. പണം കൈമാറിയ രണ്ട് അക്കൗണ്ടുകളുടെ ഉടമകളെ മാത്രമാണ് ഇപ്പോൾ പിടികൂടിയതെന്നും കേസിൽ പ്രധാന കണ്ണികൾ ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16