ഗ്രോ വാസുവിനെതിരായ എഫ്.ഐ.ആർ റദ്ദാക്കി നിരുപാധികം വിട്ടയക്കണം: വെൽഫെയർ പാർട്ടി
മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുമ്പിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ഗ്രോ വാസുവിനെതിരായ എഫ്.ഐ.ആർ റദ്ദാക്കി അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിലമ്പൂരിൽ കുപ്പു ദേവരാജ് അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതിനും മൃതദേഹം വിട്ടുകൊടുക്കാത്തതിനും എതിരെ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ ജയിലിലടച്ചിരിക്കുന്നത്. 94 വയസ്സുള്ള ഒരു വയോധികനെ ഒരായുസ്സ് മുഴുവൻ സമൂഹത്തിനായി സമർപ്പിച്ച പൊതുപ്രവർത്തകനെ ഇടതുഭരണകൂടം വേട്ടയാടുന്നതിനെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഗ്രോ വാസുവിനെതിരായ എഫ് ഐ ആർ റദ്ദ് ചെയ്ത് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണം. നിലമ്പൂർ 'ഏറ്റുമുട്ടലി'ലാണ് കുപ്പു ദേവരാജൻ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടൽ വ്യാജമാണെന്ന് അന്ന് തന്നെ വ്യക്തമായതാണ്. അതിന് ശേഷം കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തതും വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
വ്യാജ ഏറ്റുമുട്ടലിനും മൃതദേഹം വിട്ടു കൊടുക്കാത്തതിനുമെതിരെ പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്. 94 വയസ്സുള്ള ഒരു വയോധികനെ, അതും ഒരായുസ്സ് മുഴുവൻ സമൂഹത്തിനായി സമർപ്പിച്ച പൊതുപ്രവർത്തകനെ, കേരളത്തിലെ ഇടതുഭരണകൂടം പിറകെ കൂടി വേട്ടയാടുന്നതിനെ നാം എന്താണ് വിളിക്കേണ്ടത്?
സമരതീക്ഷ്ണതയുടെ മനുഷ്യായുസ്സിന് കേരളം വിളിക്കുന്ന ചുരുക്കപ്പേരാണ് ഗ്രോ വാസു. വാസുവേട്ടന് അഭിവാദ്യങ്ങൾ!
Adjust Story Font
16