Quantcast

കുട്ടനാട്ടിലേത് സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമെന്ന് എഫ്‌ഐആർ; ആക്രമിച്ചത് ലഹരി മാഫിയയെന്ന് ജില്ലാ സെക്രട്ടറി

12 പേരാണ് പ്രതികളെന്ന് എഫ്.ഐ.ആർ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2023-02-13 07:45:55.0

Published:

13 Feb 2023 7:44 AM GMT

കുട്ടനാട്ടിലേത് സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമെന്ന് എഫ്‌ഐആർ; ആക്രമിച്ചത് ലഹരി മാഫിയയെന്ന് ജില്ലാ സെക്രട്ടറി
X

ആലപ്പുഴ: കുട്ടനാട്ടിലേത് സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമെന്ന് പൊലീസ് എഫ്‌ഐആർ. സി.പി.എം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ തമ്മിലടിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. മുൻവൈരാഗ്യം വാക്കേറ്റത്തിലേക്ക് നയിക്കുകയും ഇത് ആക്രമണത്തിൽ‍ കലാശിക്കുകയുമായിരുന്നു എന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.

12 പേരാണ് പ്രതികളെന്ന് എഫ്.ഐ.ആർ പറയുന്നു. ഇവരെല്ലാവരും പാർട്ടി പ്രവർത്തകരാണ്. ‌‌ഒമ്പതു പേരുടെ പേരാണ് എഫ്.ഐ.ആറിലുള്ളത്. മറ്റ് മൂന്ന് പേർ കണ്ടാലറിയാവുന്നവരാണ്.

എന്നാൽ എഫ്.ഐ.ആറിനെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. സി.പി.എം പ്രവർത്തകരെ ആക്രമിച്ചത് ലഹരി മാഫിയാ സംഘമാണെന്നും പാർട്ടിയിലെ ആർക്കും ബന്ധമില്ലെന്നും നാസർ പറഞ്ഞു.

പരിക്കേറ്റവർ പാർട്ടിക്കാരാണെന്നും ലഹരി മാഫിയാ സംഘമാണ് ആക്രമിച്ചതെന്നും സെക്രട്ടറി അവകാശപ്പെട്ടു. അതേസമയം, സിപിഎം പ്രവർത്തകരുടെ ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റി യോഗം ചേരുകയാണ് പാർട്ടി. ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് യോഗം.

അതേസമയം, ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ആറ് സി.പി.എം പ്രവർത്തകർ പരിക്കേറ്റ് ചികിത്സയിലാണ്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം.

സംഘർഷത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായി കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുൾപ്പെടെ നൽകിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്‌നം സംഘർഷത്തിൽ കലാശിച്ചത്. വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.

വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിൽ പ്രദേശത്ത് ഏറെക്കാലമായി തർക്കം രൂക്ഷമായി തുടരുകയാണ്. തർക്കം രാമങ്കരിയിൽ നിന്നും മറ്റ് ലോക്കൽ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. ഇന്നലെയും തർക്കം ഉണ്ടായതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

TAGS :

Next Story