മിഠായിത്തെരുവിലെ തീപിടിത്തം; ഇടനാഴികളിലെ വ്യാപാരം അവസാനിപ്പിക്കണമെന്ന് അഗ്നിശമനസേന
തീപിടിത്തം തടയാൻ വ്യാപാരികൾക്ക് ബോധവത്ക്കരണം നൽകണമെന്നും അഗ്നിശമനസേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തത്തില്‍ ജില്ലാ കലക്ടർക്കും കോർപറേഷൻ അധികൃതർക്കും അഗ്നിശമനസേന റിപ്പോര്‍ട്ട് നല്‍കി. തീപിടിത്തം തടയാൻ വ്യാപാരികൾക്ക് ബോധവത്ക്കരണം നൽകണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമം ലംഘിച്ച് ഇടനാഴികളിൽവരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
തീ അണയ്ക്കാനുള്ള ഫയർ എസ്റ്റിഗ്വിഷര്‍ കൂടുതൽ കടകളിൽ സ്ഥാപിക്കണം, മിഠായിത്തെരുവിൽ സ്ഥാപിച്ച ഫയർ ഹൈഡ്രന്‍റുകളിലേക്ക് വെള്ളം നേരിട്ടെത്തിക്കണം തുടങ്ങിയ ആവശ്യങ്ങളും റിപ്പോർട്ടിലുണ്ട്. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത്. എം.പി റോഡിലെ വാഹന പാർക്കിംഗ് അവസാനിപ്പിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സാധനങ്ങൾ കൂട്ടിയിടുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും അഗ്നിശമനസേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിഠായിത്തെരുവില്‍ പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. തീപിടിച്ച കടകളില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മിഠായിത്തെരുവില്‍ തീപിടിത്തം തുടര്‍ക്കഥയാവുമ്പോഴും വേണ്ടത്ര സുരക്ഷാ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നതാണ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. 1995 ഫെബ്രുവരി 17നും 2007 ഏപ്രില്‍ അഞ്ചിനും 2010 ഡിസംബര്‍ ഒമ്പതിനും 2014 മെയ് 13നുമാണ് ഇതിനുമുമ്പ് മിഠായിത്തെരുവ് കത്തിയെരിഞ്ഞത്. 2007 ഏപ്രില്‍ അഞ്ചിന് കേരള സ്റ്റേഷനറി പടക്കക്കടയ്ക്ക് തീപിടിച്ച് ഒമ്പതുപേര്‍ വെന്തുമരിച്ചിരുന്നു. ഇതിനിടെ നിരവധി ചെറു തീപിടിത്തങ്ങളും ഉണ്ടായി.
Adjust Story Font
16