കമ്പമലയിലെ തീപിടിത്തം: തൃശ്ശിലേരി സ്വദേശി പിടിയിൽ
ഇന്ന് വീണ്ടും തീ പടർന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്

വയനാട്: മാനന്തവാടി കമ്പമലയിൽ തുടർച്ചയായ ദിവസങ്ങളിൽ കാട്ടുതീ പടർന്ന സംഭവത്തിൽ ഒരാൾ വനംവകുപ്പ് പിടിയിൽ. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ കാട്ടുതീ പടർന്ന പ്രദേശത്തിന് തൊട്ടടുത്താണ് ഇന്ന് വീണ്ടും തീ കണ്ടത്. അഗ്നി രക്ഷാ സേനയും വനപാലകരും ചേർന്ന് തീയണച്ചെങ്കിലും പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാണോ എന്ന സംശയം വനംവകുപ്പിനുണ്ടായിരുന്നു. പിന്നാലെ വിവിധ കേസുകളിൽ പ്രതിയായ തൃശ്ശിലേരി സ്വദേശി സുധീഷിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക സാഹചര്യത്തിൽ വനത്തിനുള്ളിൽ സുധീഷുണ്ടെന്ന് എന്ന വിവരം വനംവകുപ്പിന് ഉണ്ടായിരുന്നു. വീണ്ടും തീ പടർന്നതോടെ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയും വനത്തിനുള്ളിൽ നിന്നു തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു.
ഇന്നലെ പടർന്ന കാട്ടു തീയിൽ രണ്ടു മലകളിലെയും പുൽമേടുകളും, അടിക്കാടും പൂർണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഇന്ന് വീണ്ടും തീ പടർന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്ന് തീപിടിത്തമുണ്ടായി.
Adjust Story Font
16