പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം; ഒരാള്‍ ആശുപത്രിയില്‍
നാലുകടകൾ കത്തിനശിച്ചു, ഒരാള്‍ ആശുപത്രിയില്‍
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ തീപിടുത്തം. നഗരത്തിലെ സെൻട്രൽ ജംഗ്ഷനോട് ചേർന്ന ബേക്കറിയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ നാല് വ്യാപാരസ്ഥാപനങ്ങൾ പൂർണമായി കത്തി നശിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ഒന്ന് അമ്പതിനായിരുന്നു സംഭവം. എൽപിജി സിലിണ്ടർ ചോർന്ന് തീപടർന്നതോടെ ബേക്കറിയിലെയും സമീപത്തെ മറ്റു കടകളിലെയും ആളുകൾ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ പടർന്നതോടെ രണ്ട് എൽപിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തെ തുടർന്ന് തെറിച്ചു വന്ന ലോഹകക്ഷണം കൊണ്ട് റോഡിന് എതിർവശത്തു നിന്നിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ജുവലറി ഉടമസ്ഥനായ പത്തനംതിട്ട സ്വദേശി നടേശനാണ് പരിക്കേറ്റത്. കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും നേരിയ പരിക്കുണ്ട്. തീപിടുത്തത്തിന് പിന്നാലെ സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വീണാ ജോർജും കളക്ടർ ദിവ്യ എസ് അയ്യറും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞു .
രണ്ടുമണിക്കൂറോളം സമയമെടുത്താണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്. പരമാവധി നാല് വാണിജ്യ സിലിണ്ടറുകളോളം മാത്രമേ ഒരു കടയില്‍ സൂക്ഷിക്കാവൂ എന്നും ഒമ്പത് സിലിണ്ടറുകളാണ് കടയില്‍ നിന്ന് കണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16