'കിണറുകളിൽ തീപിടിക്കുന്നു'; കാരണം കണ്ടെത്താൻ പരിശോധന തുടങ്ങി
തൊട്ടടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്
പാലക്കാട് കൂറ്റനാട് കിണറുകളിൽ തീപിടിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ പരിശോധന തുടങ്ങി. ഇന്ധനത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയ കിണറുകളിലെ വെള്ളം വിദഗ്ധ പരിശോധനയ്ക്കയച്ചു. പ്രദേശത്തെ കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് തീപിടിച്ചത്. ഇന്ധനത്തിന്‍റെ രൂക്ഷ ഗന്ധം വരുന്ന കിണറുകളിൽ തീ കൊളുത്തിയിട്ടാൽ ഏറെ നേരം കത്തിപ്പടരും. കൂറ്റനാട് സി.പി.എം. ഓഫീസിലെ കിണറ്റിലെ വെള്ളം കോരിയെടുത്താലും ഇതേ അവസ്ഥയാണ്. തൊട്ടു താഴെയുള്ള റോസി ടീച്ചറുടെ വീട്ടിൽ കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ കിണർ വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഇടപെട്ടതോടെയാണ് ഭൂജല വകുപ്പിലേയും, മലിനീകരണ നിയന്ത്രണ വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഒപ്പം കിണറുകളിലെ മണ്ണിന്‍റെ പരിശോധന നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വെളളത്തിന്‍റെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വെള്ളത്തിൽ കലർന്നത് എന്താണെന്ന് തിരിച്ചറിയാൻ കഴിയൂ.
Adjust Story Font
16