പ്രഥമ ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരം പി.കെ ജമീലക്ക്
50000 രൂപയും ഫലകവുമാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട്: ഫാത്തിമ സാജിദയുടെ സ്മരണാർത്ഥം ഫാസ ഫൗണ്ടേഷൻ ( FASA) ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന അനുകമ്പ പുരസ്കാരം വയനാട് മേപ്പാടി സ്വദേശിനി പി.കെ ജമീലക്ക് സമർപ്പിക്കും. 50000 രൂപയും ഫലകവുമാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
വയനാട് മുണ്ടക്കൈ മേഖലയിൽ പ്രകൃതി ദുരന്തം നടന്ന ദിവസം മുതൽ ആശ്വാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകയാണ് ജമീല പി.കെ . ആദ്യ ദിവസം മുതൽ റെസ്ക്യൂ ഉദ്യോഗസ്ഥരും വളണ്ടിയർമാരും പുറത്തെടുക്കുന്ന സ്ത്രീകളുടെ മൃതശരീരങ്ങൾ വൃത്തിയാക്കി സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നിടത്ത് ജമീലയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 2019 ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിലും, 2018 ലെ പ്രളയ ദുരന്തത്തിലും സന്നദ്ധ പ്രവർത്തകയായി ജമീല പി.കെ ഉണ്ടായിരുന്നു. അദ്ധ്യാപന രംഗത്ത് 20 വർഷത്തെ പരിചയമുള്ള ജമീല പി.കെയുടെ പ്രവർത്തനങ്ങൾ സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സമൂഹത്തിനാകെയും മാതൃകയാണ്. പിപ്പിൾസ് ഫൗണ്ടേഷൻ മുണ്ടക്കൈ റീഹാബിലിറ്റേഷൻ കമ്മറ്റിയംഗമവുമാണ് ജമീല.
ബുധനാഴ്ച താമരശ്ശേരി കോളിക്കൽ കാരുണ്യ തീരം കാമ്പസിൽ നടക്കുന്ന പുരസ്കാര സമർപ്പണ പരിപാടിയിൽ വച്ച് പ്രമുഖ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം അനുകമ്പ പുരസ്കാരം സമർപ്പിക്കും. എഴുത്തുകാരനും, ആക്ടിവിസ്റ്റുമായ സുദേഷ് എം രഘു പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയനും,മനുഷ്യാവകാശ പ്രവർത്തകനുമായ ജഗദീശൻ കളത്തിൽ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി - കോളേജ് തലത്തിലെ വിദ്യാർത്ഥികൾക്കായി ഫാസ ഫൗണ്ടേഷൻ നടത്തിവരുന്ന ബേസിക് ലൈഫ് സേവിങ് പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ട്രയിനേഴ്സ് ട്രെയിനിങ് അന്ന് രാവിലെ 10 മണി മുതൽ കാരുണ്യ തീരം കാമ്പസിൽ നടക്കും. കോഴിക്കോട് പ്രസ്ക്ലബ്ബിൽ നടന്ന പുരസ്കാര പ്രഖ്യാപനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ശ്രീജ നെയ്യാറ്റിൻകര, റഷീദ് പുന്നശ്ശേരി, ഗഫൂർ കർമ, സലാഹുദ്ധീൻ മണപ്പുറത്ത് എന്നിവർ പങ്കെടുത്തു.
Adjust Story Font
16