കെഎസ്ആർടിസി: ആദ്യപരിഗണന ജീവനക്കാരുടെ ശമ്പളത്തിനായിരിക്കണമെന്ന് ഹൈക്കോടതി
'500 കോടിയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആർടിസിക്ക് രക്ഷപ്പെടാനാവില്ല'
കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ജീവനക്കാർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായിരിക്കണം കെഎസ്ആർടിസി ആദ്യ പരിഗണന നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആർടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പറഞ്ഞു.
കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോർഷ്യം വായ്പാ തിരിച്ചടവിലേക്കാണ് പോകുന്നതെന്ന് കോടതി ചൂണ്ടികാട്ടി. ഇതിൽ എന്ത് ചെയ്യാനാകുമെന്ന് ആലോചിച്ച് സർക്കാർ അറിയിക്കണം. അടുത്ത മാസം അഞ്ചിന് ജീവനക്കാർക്ക് ശമ്പളം നൽകാനാകുമോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ടെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
192 കോടിയുടെ മാസവരുമാനം ഉണ്ടായിട്ടും ശമ്പളം നൽകാത്തതിനെ ഹൈക്കോടതി വിമർശിച്ചു. വരുമാനത്തിൽ നിന്നും ശമ്പളവും ഇന്ധനത്തിനുമുള്ള പണം കണ്ടെത്തണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ നിർദേശം. സാധാരണ ജീവനക്കാരുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ മാസം കിട്ടുന്ന വരുമാനം അടുത്ത ജൂലൈ 5 നുള്ള ശമ്പളത്തിനായി മാറ്റണമെന്നും കോടതി നിർദേശിച്ചു.
അതേസമയം ശമ്പള പ്രതിസന്ധിയിൽ യൂണിയനുകളുടെ സമരം തുടരുകയാണ്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാതിരിക്കാൻ 27 ന് ഗതാഗത മന്ത്രി യൂണിയനുകളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
Adjust Story Font
16