Quantcast

പെരിയാറിലെ മത്സ്യക്കുരുതി: വിചിത്ര നീക്കങ്ങളുമായി ഏലൂർ നഗരസഭ; മലിനീകരണ നിയന്ത്രണ ബോർഡിന് നോട്ടീസ് നല്‍കിയ നടപടി സംശയാസ്പദം

ഫാക്ടറികളില്‍ നേരിട്ട് ചെന്ന് പരിശോധിക്കാന്‍ അധികാരമുള്ള ആരോഗ്യവിഭാഗം ഏലൂർ നഗരസഭ അടക്കമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ട്

MediaOne Logo

Web Desk

  • Published:

    26 May 2024 1:23 AM GMT

പെരിയാറിലെ മത്സ്യക്കുരുതി: വിചിത്ര നീക്കങ്ങളുമായി  ഏലൂർ നഗരസഭ; മലിനീകരണ നിയന്ത്രണ ബോർഡിന് നോട്ടീസ് നല്‍കിയ  നടപടി സംശയാസ്പദം
X

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുടെ ഉത്തരവാദിത്തം മലിനീകരണ നിയന്ത്രണ ബോർഡിന് പുറമേ ഏലൂർ നഗരസഭക്കും കടുങ്ങല്ലൂർ പഞ്ചായത്തിനുമുണ്ട്. രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവിഭാഗങ്ങള്‍ക്ക് നേരിട്ട് പരിശോധന നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടായിട്ടും ഇത്രയും കാലം അനങ്ങിയില്ല.

മത്സ്യക്കുരുതിക്ക് ശേഷം ശ്രദ്ധ തിരിക്കാനായി വിചിത്ര നടപടികളുമായാണ് ഏലൂർ നഗരസഭ രംഗത്തിറങ്ങിയത്. വ്യവസായമന്ത്രി പി.രാജീവിന്റെ മണ്ഡലത്തിലുള്ള ഏലൂർ വ്യവസായ മേഖലയിലാണ് രാസമാലിന്യം മൂലം പത്ത് കോടിയുടെ പുഴ മത്സ്യം ചത്തൊടുങ്ങിയത്. പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കിയ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായി. മലിനീകരണ നിയന്ത്രണബോർഡും വ്യവസായ മന്ത്രി പി.രാജീവും വിമർശനമേറ്റുവാങ്ങി. ഈ ഘട്ടത്തിലാണ് മന്ത്രി പി.രാജീവിന്റെ പാർട്ടി ഭരിക്കുന്ന ഏലൂർ നഗരസഭ ഒരു ചെപ്പടി വിദ്യ ഇറക്കിയത്.

ഫാക്ടറികളില്‍ നേരിട്ട് ചെന്ന് പരിശോധിക്കാന്‍ അധികാരമുള്ള ആരോഗ്യവിഭാഗം ഏലൂർ നഗരസഭ അടക്കമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ട്. ഏലൂരിലെ ആരോഗ്യവിഭാഗം ആ ജോലി ചെയ്യാതെ മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് ചോദിക്കുന്നത് അതിവിചിത്രമാണ്. മത്സ്യക്കുരുതി നടന്ന് നാല് ദിവസത്തിന് ശേഷം നഗരസഭ പൊലീസിന് പരാതിയും നല്‍കി. അപ്പോഴേക്കും രാസമാലിന്യമെല്ലാം കടലിലും ചത്ത മത്സ്യങ്ങള്‍ ഭൂമിയിലും അലിഞ്ഞു തീർന്നുവെന്നത് മറ്റൊരു കാര്യം. ഏലൂരിലെ മത്സ്യക്കുരുതിയുടെ ഉത്തരവാദിയെ മറച്ചുപിടിക്കാനുള്ള വിചിത്ര നീക്കങ്ങളാണ് ഏലൂർ നഗരസഭയും മലിനീകരണ നിയന്ത്രണബോർഡുമെല്ലാം നടത്തുന്നതെന്നാണ് വിമര്‍ശനം.


TAGS :

Next Story