വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ പൂട്ട് പൊളിച്ച് മത്സ്യത്തൊഴിലാളികൾ; പൊലീസ് സന്നാഹം ഭേദിച്ചു
നാലാം ഘട്ട സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതൽ തീവ്രമായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. നാലാം ഘട്ട സമരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂട്ടത്തോടെ സമരവേദിയിൽ എത്തി. സമരത്തിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. വൻ പൊലീസ് സന്നാഹവും ഭേദിച്ചാണ് പ്രതിഷേധക്കാർ തുറമുഖ പ്രദേശത്തെത്തിയത്. നിർമാണം നിർത്തിവെക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നെങ്കിലും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും. പകൽ പ്രതിഷേധവും, രാത്രി പ്രാർഥനയുമായി സമരവേദിയിൽ തുടരുകയാണ് മത്സ്യത്തൊഴിലാളികൾ. ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ വില സംബന്ധിച്ച കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുക്കുക. ഈ രണ്ട് ആവശ്യങ്ങളാണ് സർക്കാർ അംഗീകരിക്കാനുള്ളത്.
നാലാം ഘട്ട സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതൽ തീവ്രമായി. ഇനി മുഖ്യമന്ത്രി കൂടി ഇടപെട്ടാൽ മാത്രമെ പ്രശ്നത്തിന് ശ്വാശത പരിഹാരമുണ്ടാകൂ. ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ച നടത്തും.
Adjust Story Font
16