അഞ്ചു ദിവസം കഴിഞ്ഞിട്ടും വാച്ചര്‍ രാജനെ കണ്ടെത്താനായില്ല; വന്യമൃഗങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് വനം വകുപ്പ്
മൂന്നാം തിയതി രാത്രി 8 മണിയോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്
പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. 5 ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും വാച്ചർ രാജനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. വനത്തിന് അകത്തും പുറത്തുമായി ഇന്നും തെരച്ചിൽ തുടരും.
മൂന്നാം തിയതി രാത്രി 8 മണിയോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്. ഉടുത്തിരുന്ന മുണ്ടും കയ്യിലുണ്ടായിരുന്ന ടോർച്ചും ലഭിച്ചതോടെ വന്യമൃഗങ്ങൾ ആക്രമിച്ചതായിരിക്കും എന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്. വന്യമൃഗങ്ങളെ നിരീക്ഷിക്കാനായി ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാനുകൾ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്. സമീപകാലത്തെന്നും കടുവ ഈ പ്രദേശങ്ങളിലേക്ക് എത്തിയതിന് തെളിവുകളില്ല. മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
ദക്ഷിണേന്ത്യയിലെ തന്നെ വിദഗ്ധരായ ട്രാക്കർമാർ രണ്ട് ദിവസം വനത്തിൽ പരിശോധന നടത്തിയെങ്കിലും വന്യമൃഗങ്ങൾ ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ല. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ വനത്തിൽ സ്ഥിരമായി പോകാറുള്ള ആദിവാസികളുടെ സഹകരണത്തോടെയുള്ള തിരച്ചിൽ തുടരും. ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മാൻ മിസിങ്ങ് എന്ന നിലക്ക് പൊലീസ് വനത്തിന് പുറത്തുള്ള അന്വേഷണവും നടത്തുന്നുണ്ട്.
Adjust Story Font
16