Quantcast

സംസ്ഥാനത്ത് അഞ്ച് സർവകലാശാലകളിൽ സ്ഥിരം വി.സിയില്ല; ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി

ഏപ്രിലിൽ കുസാറ്റ് വി.സിയുടെയും മേയിൽ എം.ജി വി.സിയുടെയും കാലാവധി തീരുന്നതോടെ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാത്ത സർവകലാശാലകളുടെ എണ്ണം ഏഴാകും

MediaOne Logo

Web Desk

  • Updated:

    2023-03-11 02:41:05.0

Published:

11 March 2023 2:39 AM GMT

crisisinKeralahighereducation, fiveuniversitieswithoutpermanentVCinKerala, GovernorGovernmentriftinKerala
X

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് അഞ്ച് സർവകലാശാലകൾ പ്രവർത്തിക്കുന്നത് സ്ഥിരം വൈസ് ചാൻസലർമാരില്ലാതെ. നാലിടത്ത് വി.സിയെ നിയമിക്കാൻ വേണ്ടിയുള്ള സെർച്ച് കമ്മിറ്റി പോലും രൂപീകരിച്ചിട്ടില്ല.

കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, മലയാളം സർവകലാശാല, ഫിഷറീസ്, കാര്‍ഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിലവില്‍ സ്ഥിരം വി.സിമാരില്ല. യു.ജി.സി ചട്ടം ലംഘിച്ചതിന് കെ.ടി.യു വി.സി ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്‍റെ നിയമനം ഹൈക്കോടതിയും റദ്ദാക്കുകയായിരുന്നു. ബാക്കിയുളളവർ കാലാവധി കഴിഞ്ഞു വിരമിക്കുകയും ചെയ്തു.

വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത്. സ്വന്തം നിലയ്ക്ക് കേരള സർവകലാശാലയിൽ ഗവർണർ കമ്മിറ്റി രൂപീകരിച്ചതിനെ ചോദ്യംചെയ്ത് സെനറ്റoഗങ്ങൾ നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒപ്പുവയ്ക്കാത്ത നിയമപ്രകാരം മലയാളം സർവകലാശാലയിൽ സര്‍ക്കാര്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ശ്രമിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി. സാങ്കേതിക സർവകലാശാലയിലാവട്ടെ താൽക്കാലിക വി.സി നിയമനം തന്നെ തർക്കത്തിലാണ്. ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തിൽ സിസാ തോമസിനെ താൽക്കാലിക വി.സി സ്ഥാനത്തുനിന്ന് നീക്കംചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഏപ്രിലിൽ കുസാറ്റ് വി.സിയുടെയും മേയിൽ എം.ജി സർവകലാശാലാ വി.സിയുടെയും കാലാവധി തീരും. രണ്ടിടത്തും പുതിയ വി.സിക്കായി സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നീക്കം ഗവർണർ തുടങ്ങിയെങ്കിലും സര്‍ക്കാര്‍ പ്രതിനിധിയെ നൽകാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ സ്ഥിരം വി.സിമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം ഏഴാകും.

Summary: Five universities in Kerala are functioning without permanent vice-chancellors

TAGS :

Next Story