Quantcast

'നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്'; കെ. മുരളീധരന് അഭിവാദ്യമര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ്

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബൂത്ത് തല പ്രവര്‍ത്തനം ദുര്‍ബലമായിരുന്നുവെന്ന് മുരളീധരന്‍ വിമര്‍ശമുന്നയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2024 6:05 AM GMT

k muraleedharan
X

കൊല്ലം: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ് ബോർഡുകൾ. ചിന്നക്കടയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് ' പ്രിയപ്പെട്ട കെ.എം നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്. ധീരനായ പോരാളിക്ക് അഭിവാദ്യങ്ങൾ' എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്.

മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കേരള ജനത ഒന്നടങ്കം പറയുന്നു, ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ' എന്ന കുറിപ്പോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലായിരുന്നു ബോര്‍ഡ് വച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് കൂടിയായ കെ.മുരളീധരന് തൃശൂരില്‍ അപ്രതീക്ഷിത തോല്‍വിയാണുണ്ടായത്. വടകരയിൽ നിന്നും തൃശൂരിലിറങ്ങിയ മുരളീധരന്‍ ജൂണ്‍ 4ന് വോട്ടെണ്ണുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും ലീഡ് ചെയ്യാനായില്ല. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ തൃശൂരില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ''ബി.ജെ.പി തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നുമായിരുന്നു'' മുരളീധരന്‍റെ ആരോപണം.

''ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബി.എൽ.ഒമാർ നൽകിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.'' എന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബൂത്ത് തല പ്രവര്‍ത്തനം ദുര്‍ബലമായിരുന്നുവെന്നും വോട്ടെണ്ണലിന് പിന്നാലെ കെ.പി.സി.സി നേതൃയോഗത്തില്‍ മുരളീധരന്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും തല്‍ക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തനിക്കായി തൃശൂരില്‍ എത്തിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.



TAGS :

Next Story