Quantcast

'ചാവക്കാട്ടെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നതല്ല, അഴിച്ചുമാറ്റിയത്': മന്ത്രി മുഹമ്മദ് റിയാസ്‌

'ഞങ്ങളെ വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും ആക്രമിച്ചോളൂ... പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളതിനെ നേരിട്ട് മുന്നോട്ട് പോകും..'

MediaOne Logo

Web Desk

  • Published:

    29 Nov 2023 3:13 PM GMT

Floating Bridge at Chavakkad is not broken, it is untied: Minister Mohammad Riaz
X

മലപ്പുറം: ചാവക്കാട്ടെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നതല്ലെന്നും വേലിയേറ്റ സമയത്ത് അഴിച്ചുമാറ്റിയതാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലപ്പുറത്ത് നവകേരള സദസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എന്തുവേണമെങ്കിലും ആക്ഷേപിച്ചോളുവെന്നും സംസ്ഥാനത്തെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകുന്ന പരിപാടികൾക്ക് തുരങ്കം വെക്കരുതെന്നും മന്ത്രി പറഞ്ഞു.


Read Alsoമുഖ്യമന്ത്രിക്കും വിശ്രമമില്ലാതെ പ്രവർത്തിച്ച പൊലീസിനും സല്യൂട്ട്..: മുഹമ്മദ് റിയാസ്

മന്ത്രിയുടെ വാക്കുകൾ

'കഴിഞ്ഞ ദിവസം ചാവക്കാട്ടെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രത്തിൽ വാർത്തയും കാർട്ടൂണും കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് ആ വാർത്ത കൊടുത്തതെന്ന് അറിയില്ല. തീരദേശമേഖലയിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ, കടലിലൂടെ നടക്കാനായി നിർമ്മിക്കുന്ന ഒരു സംവിധാനമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ്. എല്ലാ സുരക്ഷാ മുൻകരുതലുകളുമെടുത്ത് എക്‌സ്പ്പെർട്ട് കമ്മിറ്റി രൂപീകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഇൻഷൂറൻസും ഉണ്ട്. ചാവക്കാട്ടെ വാർത്ത അറിഞ്ഞപ്പോൾ ഞാൻ അവിടുത്തെ എം.എൽ.എയെ വിളിച്ചു. വേലിയേറ്റ മുന്നറിയപ്പുണ്ടായപ്പോൾ അത് അഴിച്ചുമാറ്റാൻ നിർദേശം നൽകിയതാണ്. ആ സമയത്ത് ആരോ ഷൂട്ട് ചെയ്യുകയും അത് പിന്നെ വാർത്തയാവുകയുമായിരുന്നു. ഇത് നമ്മുടെ നാടിന് ഗുണമാണോ? കേരളത്തിൽ പടർന്നുപന്തലിക്കുന്ന ടൂറിസം മേഖലയുടെ കുതിപ്പിന് തടയിടുന്ന തരത്തിലുള്ള വാർത്തകൾ ഉത്തരവാദിത്തപ്പെട്ട മാധ്യമസ്ഥാപനങ്ങൾ നൽകുന്നത് ആരെ സഹായിക്കാനാണ്? ഞങ്ങളെ വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും ആക്രമിച്ചോളൂ... പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളതിനെ നേരിട്ട് മുന്നോട്ട് പോകും. എന്നാൽ എന്തിനാണ് ഇങ്ങനെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് വലിയ പ്രയാസമുണ്ടാക്കുന്ന അസംബന്ധ വാർത്തകൾ നൽകുന്നത്'. മന്ത്രി ചോദിച്ചു.

TAGS :

Next Story