പ്രളയനിവാരണം: തിരുവനന്തപുരത്തെ നദികളും തോടുകളും നവീകരിക്കാൻ എട്ടു കോടി
പദ്ധതി പൂർത്തിയാകുന്നതോടെ മഴ പെയ്താൽ ഉടൻ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം ജില്ലയിലെ വിവിധ തോടുകളിലും നദികളിലും പ്രളയ നിവാരണ പ്രവർത്തനങ്ങൾക്കായി എട്ടു കോടി രൂപയുടെ ഭരണാനുമതി നൽകി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപരും നഗരം പ്രളയത്തിൽ മുങ്ങുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നവീകരണം നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാകും നവീകരണം. ആദ്യ ഘട്ടത്തിൽ 3.81 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 4.24 കോടി രൂപയുമാണ് പ്രളയ നിവാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്.
പഴവങ്ങാടി തോട് (80 ലക്ഷം), ഉള്ളൂർ തോട് (30 ലക്ഷം), കരിയിൽ തോട് (55 ലക്ഷം), കരിമഠം തോട് (55 ലക്ഷം), തെക്കേനെല്ലറ കനാൽ (18 ലക്ഷം), കിള്ളിയാറ് (39.90 ലക്ഷം), കരമനയാറ് (34.70 ലക്ഷം), പാർവതി പുത്തനാർ (48 ലക്ഷം), തെറ്റിയാർ തോട് (26 ലക്ഷം) എന്നിവയാണ് ആദ്യ ഘട്ടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്ന ജലശ്രോതസ്സുകൾ. കിള്ളിയാർ (2.15 കോടി), കരമനയാർ (1.34 കോടി), പഴവങ്ങാടി തോട് (75 ലക്ഷം) എന്നിവയ്ക്ക് രണ്ടാം ഘട്ട നവീകരണത്തിനായും തുക അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ മഴ പെയ്താൽ ഉടൻ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16