ഭക്ഷ്യവിഷബാധയെന്ന് സംശയം; ലക്കിടിയിൽ 70ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
വയനാട്: ലക്കിടിയിൽ എഴുപതോളം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂക്കോട് ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർഥികളെയാണ് ഛർദിയും വയറുവേദനയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് സംശയം.ഞായറാഴ്ച രാത്രി കാന്‍റീനിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി മുതൽ തന്നെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.തുടർന്ന് വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം ഭേദമായവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ നിരീക്ഷണത്തിൽ തുടരുകയാണ്. ഏകദേശം 500 ഓളം വിദ്യാർഥികളിൽ സ്‌കൂളിൽ താമസിച്ചു പഠിക്കുന്നുണ്ട്. അവരിൽ 70 പേർക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. എന്നാൽ വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
സ്‌കൂൾ ജീവനക്കാർക്കോ മറ്റു വിദ്യാർഥികൾക്കോ പ്രശ്‌നമില്ലെന്നും ഈ വിദ്യാർഥികൾക്ക് എന്താണ് സംഭവിച്ചത് എന്നത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
അതേസമയം, എറണാകുളം മൂവാറ്റുപുഴ ആതുരാശ്രമം വുമൺസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോസ്റ്റൽ അടുക്കള അടപ്പിച്ചു. ആറ് പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. പ്രദേശത്തെ ആതുരാശ്രമം വുമൺസ് ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നതായും ഹോസ്റ്റൽ അടുക്കള അടപ്പിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Adjust Story Font
16