'രക്ഷപ്പെട്ടത് തലനാരിഴക്ക്'; പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ
തീ അണക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്
പത്തനംതിട്ട: പത്തനംതിട്ടയിലെ ബേക്കറിയിലുണ്ടായ തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീ അണക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തൊട്ടടുത്തുനിന്നായിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് ഗ്യാസ് സിലിണ്ടർ കടയിൽ നിന്ന് കണ്ടെത്തിയെന്നും പരമാവധി നാല് വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഒരു കടയിൽ സൂക്ഷിക്കാവൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു.
നഗരത്തിലെ സെൻട്രൽ ജംഗ്ഷനോട് ചേർന്ന ബേക്കറിയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്ന് അമ്പതിനായിരുന്നു സംഭവം. എൽപിജി സിലിണ്ടർ ചോർന്ന് തീ പടർന്നതോടെ ബേക്കറിയിലെയും സമീപത്തെ മറ്റു കടകളിലെയും ആളുകൾ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ പടർന്നതോടെ രണ്ട് എൽപിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തെ തുടർന്ന് തെറിച്ചു വന്ന ലോഹകക്ഷണം കൊണ്ട് റോഡിന് എതിർവശത്തു നിന്നിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ജുവലറി ഉടമസ്ഥനായ പത്തനംതിട്ട സ്വദേശി നടേശനാണ് പരിക്കേറ്റത്. കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമണിക്കൂറോളം സമയമെടുത്താണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്.
Adjust Story Font
16