Quantcast

ഫുട്‍ബോൾ താരാരാധന: സമസ്‌തയുടെ അഭിപ്രായം അവരുടേത് മാത്രമെന്ന് മുസ്‌ലിം ലീഗ്

സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    26 Nov 2022 8:58 AM GMT

ഫുട്‍ബോൾ താരാരാധന: സമസ്‌തയുടെ അഭിപ്രായം അവരുടേത് മാത്രമെന്ന് മുസ്‌ലിം ലീഗ്
X

മലപ്പുറം: ഫുട്ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല. സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

സമസ്തയുടെ ഫുട്ബോൾ പരാമർശം വ്യക്തിപരമെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമർശം മൊത്തത്തിലുള്ള പരാമർശമായി കാണരുത്. എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്ബോൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും മുനീർ പറഞ്ഞു.

ഫുട്ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു സമസ്തയുടെ നിർദ്ദേശം. അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നല്കിയ സർക്കുലറിലുണ്ടായിരുന്നത്. ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പള്ളികളില്‍ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നല്‍കാന്‍ സംഘടന തീരുമാനിച്ചത്.

ഇതിന് പിന്നാലെ സമസ്‌തയെ തള്ളി കായികമന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്കുമേല്‍ കൈകടത്താൻ ആർക്കും അവകാശമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു.

ഇതിനിടെ, വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി എസ്‌.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖതീബുമാർക്ക് നൽകിയ പ്രസംഗനോട്ടിൽ പോർച്ചുഗലിനെ പരാമർശിച്ചത് സിംബൽ മാത്രമാണെന്നും എല്ലാ രാജ്യത്തോടും താരത്തോടും ഈ വിഷയത്തിൽ സമദൂരം മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story