മുഖ്യമന്ത്രി, മുൻ സ്പീക്കർ, കെ.ടി. ജലീൽ എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചു; ഇ.ഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നു: സന്ദീപ്
സ്വർണക്കടത്ത് കേസിൽ റോൾ ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ലെന്നും എല്ലാം പിന്നീട് പറയുമെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു
ഇ.ഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതനായ സന്ദീപ് നായർ മീഡിയവണിനോട് പറഞ്ഞു. മുഖ്യമന്ത്രി, മുൻ സ്പീക്കർ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്ന ആരോപണം സന്ദീപ് വീണ്ടും ഉന്നയിച്ചു.
ബിനീഷ് കോടിയേരിയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമ്മർദ്ദം തുടങ്ങിയത്. തനിക്ക് കഴിയില്ലെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയെങ്കിലും സമ്മർദ്ദം തുടർന്നുവെന്നും സരിത്തും സ്വപ്നയും സുഹൃത്തുക്കളായിരുന്നുവെന്നും ഇയാൾ പറഞ്ഞു. 2008 മുതൽ സരിത്തിനെ പരിചയമുണ്ടായിരുന്നു. സ്വർണക്കടത്ത് കേസിന് രണ്ട് വർഷം മുൻപാണ് സരിത്ത് മുഖേന സ്വപ്നയെ പരിചയപ്പെടുന്നത്. നിയമ വിദഗ്ധന്റെ സഹായം തേടി സ്വപ്ന സമീപിക്കുകയായിരുന്നു- സന്ദീപ് വ്യക്തമാക്കി.
എം ശിവശങ്കറിനെ തനിക്ക് പരിചയമുണ്ടെന്നും കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഇയാൾ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ റോൾ ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ലെന്നും എല്ലാം പിന്നീട് പറയുമെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16