ബാറുകളിൽ വിദേശമദ്യ വിൽപന ഇന്ന് മുതൽ
വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറക്കാമെന്ന് സർക്കാർ സമ്മതിച്ചു
സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന വീണ്ടും തുടങ്ങി. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചത്. മദ്യശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെയാണ് വെയര്‍ഹൌസ് മാര്‍ജിന്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്‍റെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാറുകളില്‍ നിന്ന് വിദേശമദ്യം വില്‍ക്കുന്നത് നിര്‍ത്താന്‍ ബാറുടമകള്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും മദ്യം വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിയിരിന്നു.
പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നില്ല. എന്നാല്‍, ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാറുടമകളുമായി സർക്കാർ ചര്‍ച്ച നടത്തിയത്.
വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറക്കാമെന്ന് സർക്കാർ സമ്മതിച്ചു. ഇതേത്തുടർന്നാണ് ബിയറിനും വൈനിനും പുറമെ വിദേശ മദ്യവും ബാറുകള്‍ വഴി വില്‍ക്കാന്‍ ബാറുടമകള്‍ സമ്മതിച്ചത്. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. പാഴ്സല്‍ മാത്രമാണ് ലഭിക്കുക. കൺസ്യൂമർ ഫെഡിന്‍റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു. ഇതോടെ കൺസ്യൂമർ ഫെഡും മദ്യത്തിന്‍റെ സ്റ്റോക്ക് എടുത്ത് തുടങ്ങും.
Adjust Story Font
16