തോട്ടഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ചു; പഞ്ചായത്തംഗത്തിനെതിരെ കേസ്
എംഎംജെ പ്ലാൻറേഷന്‍റെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണെന്നും അനുമതിയില്ലാതെ മരം മുറിക്കാനാകില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം
ഇടുക്കി: കുമളിയിൽ തോട്ടഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ച പഞ്ചായത്തംഗത്തിനെതിരെ വനംവകുപ്പ് കേസെടുത്തു. കുമളി പഞ്ചായത്തംഗം കബീറിനെതിരെയാണ് കേസെടുത്തത്. മണ്ണിനടിയിൽ കുഴിച്ചിട്ട ഈട്ടി മരങ്ങളും വനം വകുപ്പ് കണ്ടെടുത്തു. കുമളി മുരിക്കടിയിൽ കബീറിന്റെ കൈവശമുള്ള സ്ഥലത്തെ ഈട്ടി മരങ്ങളാണ് മുറിച്ച് മാറ്റിയത്. പരാതി ലഭിച്ചതോടെ കുമളി റേഞ്ചിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കഷണങ്ങളാക്കി മണ്ണിൽ കുഴിച്ചിട്ട തടികൾ പുറത്തെടുത്തു.
എംഎംജെ പ്ലാൻറേഷന്‍റെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണെന്നും അനുമതിയില്ലാതെ മരം മുറിക്കാനാകില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം. സ്ഥലത്തിന്റെ നിജസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് രണ്ടു മാസം മുമ്പ് റവന്യു വകുപ്പിന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. മരം മുറിയുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് വീണ്ടും റവന്യു വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
തോട്ട ഭൂമിയിലുൾപ്പെട്ട ഈ സ്ഥലത്ത് സ്റ്റേഡിയം, ബഡ്‌സ് സ്‌കൂൾ എന്നിവക്കായി സ്ഥലം വാങ്ങാനുള്ള നീക്കത്തിലാണ് കുമളി പഞ്ചായത്ത്. ഇതിനിടയിൽ പഞ്ചായത്തംഗങ്ങളടക്കം ഇടനിലക്കാരായി ഭൂമി മുറിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
Adjust Story Font
16