പക്ഷികൾ ചത്ത സംഭവം: കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
'ക്രൂരകൃത്യം എന്ന് തന്നെ സംഭവത്തിനെ വിശേഷിപ്പിക്കാം'
മലപ്പുറം: മലപ്പുറത്ത് മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജില്ലാ കലക്ടറോടും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും റിപ്പോർട്ട് തേടിയ മന്ത്രി സംഭവത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
"കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ക്രൂരകൃത്യം എന്ന് തന്നെ സംഭവത്തിനെ വിശേഷിപ്പിക്കാം. അതുകൊണ്ടു തന്നെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭാഗമായി പരമാവധി ശിക്ഷ കിട്ടുന്ന വകുപ്പുകൾ ചേർത്ത് കരാറുകാരെയും മരം മുറിച്ചവരെയും പ്രതികളായി ചേർത്ത് കൊണ്ടുള്ള കേസ് എടുത്തിട്ടുണ്ട്. ഇതു കൂടാതെ കൂടുതൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ കുറ്റക്കാരെങ്കില്‍ നടപടി എടുക്കും. പക്ഷികളുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള മരം മുറി ഉണ്ടാകില്ല". മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
മരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതിയുണ്ടായിരുന്നില്ലെന്നാണ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി ഐ.എഫ്.എസ് അറിയിച്ചിരിക്കുന്നത്.സംഭവത്തിൽ വനംവകുപ്പ് ജെസിബി ഓപ്പറേറ്ററെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയ പാത അതോറിറ്റിയോട് റിപ്പോർട്ട് തേടി.
Adjust Story Font
16