Quantcast

'' ഒന്നും രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ പുകയുന്ന അടുപ്പിന് ചുറ്റും ഇരിക്കുകയാണ്, ആ കാഴ്ച കണ്ട് ഞങ്ങള്‍ കരഞ്ഞുപോയി''

ജീവന്‍ പണയം വച്ചുള്ള ദൗത്യത്തില്‍ ഒരു കുടുംബത്തെ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് ആഷിഫ്

MediaOne Logo

Web Desk

  • Published:

    3 Aug 2024 3:28 AM GMT

Mundakkai rescue
X

വയനാട്: രക്ഷാപ്രവർത്തനത്തിനിടയിൽ പ്രതീക്ഷനൽകുന്ന ചില കാഴ്ചകളുണ്ട്. അത്തരം ഒരു കാഴ്ച രാജ്യമൊന്നാകെ കൺനിറയെ കണ്ടു.ഒരു കുഞ്ഞിനെ മാറോട് ചേർത്തുകെട്ടി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രക്ഷാപ്രവർത്തകൻ. കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കല്‍പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കല്‍പറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്.

ജീവന്‍ പണയം വച്ചുള്ള ദൗത്യത്തില്‍ ഒരു കുടുംബത്തെ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് ആഷിഫ്. ''ഉരുള്‍പൊട്ടലുണ്ടായ അന്നത്തെ ദിവസം കഴുത്തറ്റം ചെളിയില്‍ പൂണ്ട ഒരാളെ രക്ഷിക്കാന്‍ അവിടെ പോയിരുന്നു. ചൂരല്‍മലയില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ ഉള്ളിലായി ഏറാട്ടുമുണ്ട് എന്ന പ്രദേശത്ത് ഒരു കോളനിയുണ്ട്. അവിടെ 33 അംഗങ്ങളാണ് ഉള്ളത്. അവരെ മാറ്റിപ്പാര്‍പ്പിച്ചതിനു ശേഷം തിരിച്ചുപോരുമ്പോള്‍ ഒരു അമ്മയെയും മകനെയും കാട്ടില്‍ കണ്ടു. അവരുടെ കൂടെ കോളനിയിലെ വേറെ ആളുകളുമുണ്ട്. സാധാരണ ആളുകളാണെന്നാണ് വിചാരിച്ചത്. പിന്നെ അതേ അമ്മയെയും മകനെയും ഇന്നലെ രാവിലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കാടിനോട് ചേര്‍ന്ന് ഞങ്ങള്‍ കണ്ടു. വേറൊരു ദൗത്യവുമായി പോവുകയായിരുന്നു ഞങ്ങള്‍. അതിന് വേറൊരു വനിതാ ഉദ്യോഗസ്ഥയെ പറഞ്ഞയച്ച ശേഷം ഇവരോട് കാര്യങ്ങള്‍ തിരക്കി. ഒന്നും രണ്ടും മൂന്നും നാലും വയസുള്ള നാല് കുട്ടികളാണ് ഈ അമ്മക്ക്. അതില്‍ മൂന്നാണ്‍കുട്ടികളും ഭര്‍ത്താവായ കൃഷ്ണനും സൂചിപ്പാറ താഴ്വശത്തുള്ള പാറയുടെ പൊത്തിലുള്ളിലായിരുന്നുവെന്ന് പറഞ്ഞു. അവര്‍ക്ക് അരി കിട്ടിയിട്ടില്ല. അരി തേടി വന്നതാണെന്ന് ഈ അമ്മ പറഞ്ഞു. സാധാരണ നിലയില്‍ കാട്ടില്‍ നിന്നും ഈന്തും തേനും എടുത്ത് ചൂരല്‍മലയില്‍ വന്ന് വിറ്റ് അതിന് അരി വാങ്ങി പോകുന്നതാണ് പതിവ്. ഇവരെ ഞങ്ങള്‍ അട്ടമല എസ്റ്റേറ്റിലേക്ക് മാറ്റി. ഒരു ബെഡ്ഷീറ്റും ഭക്ഷണവും കൊടുത്തു. ഒന്‍പതരക്കാണ് അവരെ കാണുന്നത്. പത്ത് മണിയോടെ ജയചന്ദ്രന്‍, അനില്‍കുമാര്‍, അനൂപ് എന്നിവരോടൊപ്പം അങ്ങോട്ട് പോയി'' ആഷിഫ് രക്ഷാദൗത്യത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് വിശദീകരിച്ചു.

കയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പോകുന്ന വഴിയില്‍ ഒരു മുസ്‍ലിം പള്ളി കണ്ട് അതിന്‍റെ മുകളില്‍ നിന്നും കയര്‍ എടുക്കുകയായിരുന്നുവെന്ന് ആഷിഫ് പറഞ്ഞു. അട്ടമലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നാണ് ആഷിഫും സംഘവും ഫോറസ്റ്റ് അതിര്‍ത്തിയിലെത്തിയത്. അവിടെ നിന്നും കുത്തനെയുള്ള ഇറക്കമാണ്. കോട ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ ഇറങ്ങുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കയറ് കെട്ടിയ ശേഷം സംഘം തൂങ്ങിയിറങ്ങുകയായിരുന്നു. നാല് മണിക്കൂറോളം സമയമെടുത്തു അവിടെയത്താന്‍. ഭയാനകമായ അവസ്ഥയായിരുന്നുവെന്ന് ആഷിഫ് ഓര്‍ക്കുന്നു.

''അവിടെയെത്തിയപ്പോള്‍ ദയനീയമായ കാഴ്ചയാണ് കണ്ടത്. ഒന്നും രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ പുകയുന്ന അടുപ്പിന് ചുറ്റും ഇരിക്കുകയാണ്. കണ്ടപ്പോള്‍ ഞങ്ങള്‍ കരഞ്ഞുപോയി. തൊട്ടടുത്തായി മൂന്നുവയസുകാരന്‍ നിലത്ത് കിടക്കുന്നുണ്ട്. ഈ മൂന്നു കുട്ടികള്‍ക്കും ഡ്രസില്ല. ഒരു തുണി പുതച്ചിട്ട് കൃഷ്ണന്‍ അതിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. വിഷമം തോന്നി. ഒന്നും നോക്കിയില്ല അവരെ എടുത്തു മാറോട് ചേര്‍‌ത്തുപിടിച്ചു. ഭാഗ്യത്തിന് ഞങ്ങളുടെ കയ്യില്‍ ഒരു ബെഡ്ഷീറ്റുണ്ടായിരുന്നു. അത് മൂന്നായി കീറി അനൂപിന്‍റെ ദേഹത്ത് ആദ്യം കെട്ടിക്കൊടുത്തു. പിന്നെ അനില്‍കുമാറിന്‍റെയും ജയചന്ദ്രന്‍റെയും ..പിന്നെ ഞങ്ങള്‍ മാറിമാറി എടുക്കാന്‍ തുടങ്ങി കുട്ടികളെ. സിഗ് സാഗായി മലയിറങ്ങുന്ന സമയത്ത് എന്താ ചെയ്യേണ്ടതെന്ന് ഒരു ഐഡിയ കിട്ടിയില്ല. കൃഷ്ണനും സഹായിക്കുന്നുണ്ട്. കയറ് മുകളില്‍ നിന്നും കെട്ടിയ ആള് പിന്നീട് ഇറങ്ങുമ്പോള്‍ മൂന്നാള് ഇറങ്ങിക്കഴിഞ്ഞാല്‍ നാലാമത്ത ആള്‍ക്ക് ബുദ്ധിമുട്ട് വരുന്നു. അവസാനത്തെ ആളല്ലേ കയറഴിക്കേണ്ടത്. കൃഷ്ണനടക്കം അഞ്ചുപേരുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, സ്ലിപ്പാകാന്‍ തുടങ്ങി. പുല്ലില്‍ പിടിക്കുമ്പോള്‍ അത് പറിഞ്ഞുവരാണ്. ഒരു സ്ഥലത്തെത്തിയപ്പോള്‍ കയറ് പൊട്ടി. എങ്ങനെയൊക്കെയോ ദൈവകൃപ കൊണ്ട് ഞങ്ങള്‍ മുകളിലെത്തി. ഞങ്ങള്‍ക്ക് ചെറിയ ചില പരിക്കുകളുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ല. ഒരമ്മ എങ്ങിനെയാണോ കുഞ്ഞിനെ നോക്കുന്നത് അതുപോലെയാണ് നോക്കിയത്. ഒരു സമയം പോലും ആ കുഞ്ഞുങ്ങള്‍ കരഞ്ഞിട്ടില്ല. മുകളിലെത്തിയ സമയത്ത് കയ്യില്‍ ഭക്ഷണമുണ്ടായിരുന്നില്ല. കുറച്ചു ഇരുമ്പന്‍ പുളി കിട്ടിയിരുന്നു. അതുകൊടുത്ത് കുട്ടികളെക്കൊണ്ട് കഴിപ്പിച്ചു വെള്ളവും കൊടുത്തു. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. തുടര്‍ന്ന് ഫോറസ്റ്റിന്‍റെ തന്നെ ആന്‍റി പോച്ചിങ് ക്യാമ്പുണ്ട്. അത് വൃത്തിയാക്കി അതിനുള്ളില്‍ തീയിട്ടു. അനൂപ് പോയിട്ട് അടുത്തൊരു പഴയ റിസോര്‍ട്ടുണ്ട്. ആ റിസോര്‍ട്ടിന്‍റെ വാതില്‍ തകര്‍ത്ത് പഴയ സ്റ്റൂളുകള്‍ തകര്‍ത്ത് വിറകാക്കിയാണ് തീ കത്തിച്ചത്'' ആഷിഫ് കൂട്ടിച്ചേര്‍ത്തു.



''അമ്മയെയും കുഞ്ഞുങ്ങളെയും ഒരു സ്ഥലത്താക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. എട്ട് മണിയോടെയാണ് ഇവരെ ഒരുമിപ്പിക്കാന്‍ സാധിച്ചത്. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്ന രംഗം വൈകാരികമായിരുന്നു. രാത്രി ഭക്ഷണവും വസ്ത്രവും കൊടുത്തു. അവര്‍ വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോകുമോ എന്ന ഭയമുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്ക് ഇപ്പോഴും പേരിട്ടില്ല, കാരണം അവര്‍ കാട്ടിലാണ് ജനിച്ചത്. ജനങ്ങളോട് ഇടപഴകാന്‍ അവര്‍ക്ക് ഭയമാണ്. കുട്ടികള്‍ക്ക് ഷൂ കൊടുത്തു. മോന് പറ്റുന്ന ഒരു പാന്‍റ് വാങ്ങാന്‍ ഞങ്ങള്‍ മേപ്പാടിയില്‍ പോയതാണ്'' നിറഞ്ഞ മനസോടെ ആഷിഫ് പറഞ്ഞുനിര്‍ത്തി.

കുട്ടികളെയും അച്ഛനെയും സുരക്ഷിതമായി ഒരിടത്ത് എത്തിക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അനൂപ് പറഞ്ഞു. ''അവരെ കണ്ടപ്പോള്‍ ഞങ്ങളുടെ വിശപ്പും ദാഹവുമെല്ലാം ഒന്നുമല്ലാതായി. കാരണം ആ അവസ്ഥയിലാണ് നമ്മള്‍ അവരെ കാണുന്നത്. എന്തു പ്രശ്നമുണ്ടെങ്കിലും എല്ലായിടത്തും നമ്മളെത്തുന്നതാണ്. ഇത് ജീവിതത്തിലെ വലിയൊരു കാര്യമാണ്. മക്കളെ രക്ഷിക്കാന്‍ പറ്റിയത് വലിയൊരു കാര്യമാണ്....അനൂപ് കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story