മാനന്തവാടിയിലെ ആനയെ ഇന്നും മയക്കുവെടിവെക്കാനായില്ല; ദൗത്യം നാളെയും തുടരും
രാത്രി നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
വയനാട്: മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടിവെക്കുന്ന ദൗത്യം ഇന്നും ഫലം കണ്ടില്ല. ദൗത്യം നാളെയും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവിൽ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാൻ ഇന്ന് സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. വൈകാരിക നിമിഷങ്ങൾക്കാണ് വീടും പരിസരവും സാക്ഷിയായത്.ഇനിയൊരു മകൾക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുതെന്ന് അജീഷിന്റെ മകൾ അൽന വി.ഡി സതീശനോട് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം സർക്കാരിനും വകുപ്പു മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.
സംസ്ഥാനത്തെയാകെ വന്യമൃഗശല്യം പരിഹരിക്കാൻ ബജറ്റിൽ വകയിരുത്തിയ തുക ജനങ്ങളെ പരിഹസിക്കുന്നതിന് സമമാണ്. ഗൗരവതരമായ അലംഭാവമാണ് വിഷയത്തിൽ സർക്കാർ കാണിക്കുന്നത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയോ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയോ വീട് വനംവകുപ്പ് മന്ത്രി ഇതുവരെ സന്ദർശിക്കാത്തതിനേയും വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങളുടെ ഭീതി അകറ്റാനും കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്നും കർണാടക, തമിഴ്നാട് സർക്കാരുകളുമായി കൂടിയാലോചിച്ച് ക്രിയാത്മകമായ നടപടികൾ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Adjust Story Font
16