Quantcast

മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്

മരിച്ചയാളുടെ മൃതദേഹവുമായാണ് സബ് കലക്ടറുടെ ഓഫീസിനുമുന്നിൽ നൂറുകണക്കിനാളുകൾ പ്രതിഷേധിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-02-10 09:55:23.0

Published:

10 Feb 2024 9:33 AM GMT

മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്
X

വയനാട്: മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്. ദൗത്യം ഉടൻ ആരംഭിക്കും. മയക്കുവെടിവെച്ചശേഷം ആനയുടെ ആരോഗ്യനില പരിശോധിച്ച് മുത്തങ്ങ ആന സങ്കേതത്തിലേക്ക് മാറ്റാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. മുത്തങ്ങയിൽ നിന്ന് കുംകിയാനകൾ പടമലയിലേക്ക് പുറപ്പെട്ടു.

കോടതിയെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് നേരത്തേ വനംമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. സബ് കലക്ടർ ഓഫീസിൽ കലക്ടറും ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചക്കിടെയാണ് പ്രതിഷേധം. മരിച്ചയാളുടെ മൃതദേഹവുമായാണ് നൂറുകണക്കിനാളുകൾ പ്രതിഷേധിക്കുന്നത്. താത്കാലിക ആശ്വാസമായി അഞ്ച് ലക്ഷം രൂപ നൽകാമെന്നതടക്കം മുന്നോട്ടുവച്ച നിർദേശങ്ങൾ പ്രതിഷേധക്കാർ തള്ളി. 50 ലക്ഷം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് സബ്‍ കലക്ടറുടെ ഓഫീസിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

വയനാട് പയ്യമ്പള്ളിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജി(47)യുടെ വീടിനു സമീപത്തുള്ള പടമലക്കുന്നിലാണ് ആനയുണ്ടായിരുന്നത്. വനം വകുപ്പ് എത്തിയതോടെ കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണു വിവരം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.

വയനാട്ടിലെ ആശങ്കയ്ക്കു പരിഹാരം കാണുമെന്നും വനം മന്ത്രി അറിയിച്ചു. ഏറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽനിന്നു വരുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിൻറെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story