Quantcast

കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ പണം നൽ‍കിയത് വിവാദമാകുന്നു

യുവാവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള അടിയന്തര സഹായമായാണ് പണമയച്ചത് എന്നാണ് വനംവകുപ്പ് വാദം.

MediaOne Logo

Web Desk

  • Updated:

    2022-11-02 06:54:54.0

Published:

2 Nov 2022 6:46 AM GMT

കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ പണം നൽ‍കിയത് വിവാദമാകുന്നു
X

ഇടുക്കി: കിഴുക്കാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ നടപടി നേരിട്ട വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പണം നൽകിയത് വിവാദമാകുന്നു. കേസില്‍ നടപടി നേരിട്ട മുൻ ഇടുക്കി വൈൾഡ് ലൈഫ് വാർഡൻ രാഹുൽ ബിയുടെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് പണം അയച്ചത്. 5000 രൂപയാണ് നല്‍കിയത്.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ രൂപീകരിച്ച സമരസമിതിയുടെ ചെയര്‍മാന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഒക്ടോബര്‍ 30നാണ് പണം നല്‍കിയത്. യുവാവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള അടിയന്തര സഹായമായാണ് പണമയച്ചത് എന്നാണ് വനംവകുപ്പ് വാദം.

എന്നാൽ കേസ് ഒതുക്കിത്തീര്‍ക്കാനും തങ്ങളെ കുടുക്കാനുമുള്ള നീക്കമാണെന്ന് മനസിലാക്കി സമരസമിതി ചെയര്‍മാന്‍ എൻ ആർ മോഹനന്‍ പിറ്റേദിവസം തന്നെ പണം തിരിച്ചയച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നു തന്നെയുള്ള റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് സമരസമിതി ചെയർമാൻ. കരുതിക്കൂട്ടി കുടുക്കാനുള്ള നീക്കത്തിന്റെ ആദ്യഭാഗമെന്ന നിലയ്ക്കാണ് ഈ പണം ഇട്ടതെന്നാണ് വിശ്വസിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് കള്ളക്കേസ്. സംഭവദിവസം രാവിലെ 6.10ന് ചെക്ക്‌പോസ്റ്റ് കടത്തിവിട്ട വാഹനമാണ് മണിക്കൂറിന് ശേഷം തിരികെവിളിച്ച് ഈ കേസെടുത്തത്. ഫോറസ്റ്റര്‍ അനില്‍കുമാർ മുമ്പും സമാനമായി ആദിവാസികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന ആരോപണമുണ്ട്.

ഇവര്‍ക്കെതിരെ പരാതി കൊടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസെടുക്കണം എന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പട്ടികജാതി- വര്‍ഗ കമ്മീഷന്‍ അംഗം സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം. ഇദ്ദേഹത്തിന്റെ ജാഗ്രത കൊണ്ടാണ് ഇത് കള്ളക്കേസാണെന്ന് തെളിയാനും സരുണ്‍ നിരപരാധിയാണന്ന് തെളിയാനും കാരണമായത്.

കാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ചാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന യുവാവിനെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

TAGS :

Next Story