ഇതുവരെ ക്ഷമിച്ചത് എം.വി.ആറിനെ ഓർത്ത്; റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി കെ. സുധാകരൻ
അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം അറിയിച്ചു
പാർട്ടി പ്രവർത്തകരും സ്‌നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി രാഘവനെന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണെന്നും സഭ്യത ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നാടിനെ മുഴുവനും ബാധിക്കുമെന്ന തിരിച്ചറിവിന്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചുവെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം ജീവനോളം വിശ്വാസമായിരുന്നു സി.എം.പി നേതാവായിരുന്ന എം.വി രാഘവനും താനും തമ്മിലെന്നും കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലെഴുതി. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും ചാനൽ വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ്.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവരാണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല- സുധാകരൻ പോസ്റ്റിൽ പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം. അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല... ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും- സുധാകരൻ ഓർമ്മപ്പെടുത്തി.
Adjust Story Font
16