''കുട്ടികളേ, നിങ്ങള് പൊളിയാണ്... ട്രോളാനൊന്നും ഞാനില്ല''- എസ്.എസ്.എൽ.സി പരീക്ഷാഫലത്തിനു പിന്നാലെ മുന്‍ മന്ത്രി അബ്ദുറബ്ബ്
വൈകീട്ട് മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.26 ആണ് ഇത്തവണ വിജയ ശതമാനം
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ട്രോളാനൊന്നും താനില്ലെന്നും കുട്ടികളെല്ലാം പൊളിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''എസ്.എസ്.എൽ.സി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്... എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ...!''- ഫേസ്ബുക്കിൽ അബ്ദുറബ്ബ് കുറിച്ചു.
വൈകീട്ട് മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.26 ആണ് ഇത്തവണ വിജയ ശതമാനം. 4,23,303 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്.
ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും. ഫുൾ എ പ്ലസ് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 3,024 വിദ്യാർഥികൾക്ക് മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേർക്ക് ഫുൾ എ പ്ലസുണ്ട്.
പാലായാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല. ഗൾഫ് സെന്ററുകളിൽ 571 പേർ പരീക്ഷയെഴുതിയതിൽ 561 പേരും ജയിച്ചു. നാല് ഗൾഫ് സെന്ററുകളിൽ 100 ശതമാനമാണ് വിജയം. പുനർമൂല്യനിർണയത്തിന് നാളെ മുതൽ അപേക്ഷിക്കാം. ജൂലൈയിലാണ് സേ പരീക്ഷ. തിയതി പിന്നീട് പ്രഖ്യാപിക്കും.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ പൂർത്തിയാക്കിയത് അഭിമാനകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫോക്കസ് ഏരിയയിൽ നിന്ന് 70 % ചോദ്യവും പുറത്ത് നിന്ന് 30 ശതമാനവുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഐ ടി പ്രാക്ടിക്കൽ പരീക്ഷ നടത്തി. 14 ദിവസം കൊണ്ട് മൂല്യ നിർണയം പൂർത്തിയായി. ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്നായിരുന്നു തീരുമാനം. അത് കൂടി പരിഗണിച്ചാണ് ഫലപ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു.
Summary: ''I am not to troll anyone'', says former education minister PK Abdu Rabb after SSLC exam results came out
Adjust Story Font
16