മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.സി ജോജോ അന്തരിച്ചു
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം
ബി.സി ജോജോ
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം.
പാമോയിൽ അഴിമതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ബി.സി ജോജോ ആയിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ. കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നു. മുല്ലപ്പെരിയാർ കരാറിന് നിമയസാധുത ഇല്ലെന്ന് ആദ്യമായി റിപ്പോർട്ടു ചെയ്തതും ജോജോ ആയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് നിയമസഭ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ജോജോയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതായിരുന്നു സമിതിയുടെ കണ്ടെത്തലും. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.
1958ൽ കൊല്ലം ജില്ലയിലെ മയ്യനാട്ട് ആയിരുന്നു ജനനം. പരേതരായ ഡി.ബാലചന്ദ്രനും പി. ലീലാവതിയുമാണ് മാതാപിതാക്കൾ. മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മെയിൻ സ്ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 1985 ലാണ് കേരളകൗമുദിയിൽ ചേർന്നത്. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായി. ഭാര്യ: ഡോ.ടി കെ സുഷമ, മക്കൾ: ദീപു, സുമി.
Adjust Story Font
16