Quantcast

ഉമ്മൻ ചാണ്ടി അന്തരിച്ചു

കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബംഗളുരൂവിലായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-18 00:45:22.0

Published:

18 July 2023 12:21 AM GMT

oommen chandy
X

ഉമ്മന്‍ ചാണ്ടി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബംഗളുരൂവിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ മരണവിവരം സ്ഥിരീകരിച്ചു.

പുലർച്ചെ 4.46 നാണ് ചികിത്സയിലായിരുന്ന ആശുപത്രിയിൽ വെച്ച് ഉമ്മൻ ചാണ്ടി അന്തരിച്ചത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസ് നേതാക്കൾ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി. നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നില്‍ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി തുടര്‍ന്ന് എ.ഐ.സി.സി അംഗമായി.

1970 മുതല്‍ 51 വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആദ്യ മത്സരം 1970-ല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു. സി.പി.എം എം.എല്‍.എ യായിരുന്ന ഇ.എം. ജോര്‍ജിനെ ഏഴായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി.

1977-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1978-ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആന്റണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ല്‍ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായി. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍ക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എല്‍.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ല്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി.

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസനത്തില്‍ ഉമ്മന്‍ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ല്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പരിഷ്‌കാരങ്ങളാണ്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ പണി തുടങ്ങാന്‍ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനും കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചതും അദ്ദേഹത്തിന്റെ പ്രയത്‌നഫലം കൊണ്ടാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

TAGS :

Next Story